Sunday, 16 June 2013

THE GR8 WRITER,,,,,,,,,,,,,,,OF ALL TIME

ഇംഗ്ലണ്ടിനെ പുളകമണിയിച്ച് ഒഴുകുന്ന ഏവണ്‍ നദി ചെന്നെത്തുന്നത് വാര്‍വ്ക്ഷയറിലുള്ള സ്ട്രാറ്റ്‌ഫോര്‍ഡിലാണ്. വിശ്വപുരുഷനായ വില്യം ഷേക്‌സ്​പിയറുടെ ജനനത്തിനും ബാല്യകാല ജീവിതത്തിനും സാക്ഷ്യം വഹിച്ച പ്രസിദ്ധമായ പട്ടണം. ഇംഗ്ലണ്ടിന്റെ സംരക്ഷകനായ ഗീവര്‍ഗീസ് പുണ്യവാളന്റെ തിരുനാളില്‍ 1564 ഏപ്രില്‍ 23-ന് സ്ട്രാറ്റ്‌ഫോര്‍ഡ്-അപോണ്‍-ഏവണില്‍ ജോണ്‍ ഷേക്‌സ്​പിയറിന്റെയും മേരി ആര്‍ഡന്റെയും എട്ടുമക്കളില്‍ മൂന്നാമനായി വില്യം ജനിച്ചു. പിതാവായ ജോണ്‍ ഷേക്‌സ്​പിയര്‍ അക്കാലത്ത് സ്ട്രാറ്റ് ഫോര്‍ഡിലെ രണ്ട് നീതിന്യായ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു. 20 വര്‍ഷത്തിലേറെ സ്ട്രാറ്റ് ഫോര്‍ഡ് നഗരസഭാംഗവും1567-ല്‍ മേയറുമായിരുന്നു.

ഷേക്‌സ്​പിയറിന്റെ ചെറുപ്പകാലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്നും ലഭ്യമല്ലെങ്കിലും അദ്ദേഹം സ്ട്രാറ്റ് ഫോര്‍ഡിലെ കിങ്ങ് എഡ്വേര്‍ഡ് VI ഗ്രാമര്‍ സ്‌കൂളിലാണ് പഠിച്ചത് എന്നാണ് മിക്ക ജീവചരിത്രകാരന്മാരും അനുമാനിക്കുന്നത്. ഇംഗ്ലണ്ടിലെ സ്‌കൂളുകളിലെ അന്നത്തെ പഠന സമ്പ്രദായമനുസരിച്ച് ഭാഷയിലും ക്ലാസ്സിക്കല്‍ സാഹിത്യത്തിലും വ്യാകരണ പഠനത്തിലും അദ്ദേഹത്തിന് തീവ്രമായ പരിശീലനം ലഭിച്ചിട്ടുണ്ടാവാം. കച്ചവടക്കാരനായിരുന്ന പിതാവിനെ സാമ്പത്തികമായി സഹായിക്കുന്നതിന് പതിനാലാമാത്തെവയസ്സില്‍ പഠനം നിര്‍ത്തിയതായി വിശ്വസിക്കപ്പെടുന്നു. 

ഷേക്‌സ്​പിയര്‍ തന്റെ പതിനെട്ടാമത്തെ വയസ്സില്‍, എട്ട് വയസ്സ് മൂപ്പുള്ള ആന്‍ ഹാത്‌വേയെ വിവാഹം കഴിച്ചു. ലണ്ടനിലേക്ക് നാടകനടനായി അദ്ദേഹം എത്തുന്നതിന് മുന്‍പുള്ള ജീവിത കാലഘട്ടം (1585-1592) അജ്ഞാതമാണ്. ഷേക്‌സ്​പിയര്‍. സര്‍ തോമസ് ലൂസിയുടെ പാര്‍ക്കിലെ മാന്‍വേട്ട കാരണമൂണ്ടായ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുവാന്‍ സ്ട്രാറ്റ് ഫോര്‍ഡില്‍ നിന്ന് പാലായനം ചെയ്തതാണെന്നും, ലണ്ടനില്‍ അദ്ധ്യാപകനായി ജോലി നോക്കിയിരുന്നു എന്നും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്

1587-ല്‍ ഷേക്‌സ്​പിയറിന്റെ ജന്മനഗരമായ വാര്‍വിക്ഷയറിലെ സ്ട്രാറ്റ് ഫോര്‍ഡില്‍ Queen's Men (ക്വീന്‍സ് മെന്‍) എന്ന് നാടകസംഘം എത്തിയതായി ചരിത്രരേഖകള്‍ സാക്ഷിക്കുന്നു. നടന്മാരില്‍ ഒരാള്‍ പെട്ടെന്ന് മരിച്ചതിന്റെ അഭാവം ഷേക്‌സ്​പിയര്‍ നികത്തിയുണ്ടെന്ന വാദവും ജീവചരിത്രകാരന്മാരുടെ ഇടയില്‍ സജീവമാണ്. ലണ്ടനിലേക്ക് നാടകനടനായി എത്തുന്നതിന് മുന്‍പുള്ള ജീവിതകാലഘട്ടവും അജ്ഞാതമാണ്. ഷേക്‌സ്​പിയറുടെ ആദ്യജീവചരിത്രകാരനായ നിക്കോളാസ് റോയുടെ അഭിപ്രായത്തില്‍ വില്യം ഷേക്‌സ്​പിയര്‍ സര്‍ തോമസ് ലൂസിയുടെ പാര്‍ക്കിലെ മാന്‍വേട്ട കാരണമുണ്ടായ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുവാന്‍ സ്ട്രാറ്റ് ഫോര്‍ഡില്‍ നിന്നും പലായനം ചെയ്തതായി പറയപ്പെടുന്നു. മറ്റൊരു കഥയനുസരിച്ച് ഷേക്‌സ്​പിയര്‍ ലണ്ടനിലെ നാടകസമിതി ഉടമകളുടെ കുതിരകളെ മേയ്ക്കുന്ന ആളായും സ്‌കൂള്‍ അദ്ധ്യാപകനായും ജോലി നോക്കിയിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സാധാരണക്കാരില്‍ നിന്നും വിശ്വസാഹിത്യത്തിലേക്കും വിശ്വകവിയിലേക്കു മുള്ള ഷേക്‌സ്​പിയറിന്റെ ഉയര്‍ച്ച വിശദീകരിക്കാനാവാത്ത ഒന്നാണ്. നടനായും അഭിനയപ്രവര്‍ത്തകനായും നാടക രചയിതാവുമായി ദ്രുതഗതിയിലുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അക്കാലത്തെ മറ്റ് നാടകകൃത്തുക്കള്‍ക്ക് സഹിക്കാനാവുമായിരുന്നില്ല. 1592-ല്‍ ആണ് നാടക രചയിതാവ് എന്ന നിലയില്‍ ഷേക്‌സ്​പിയറിനെ പറ്റി ഒരു പരാമര്‍ശം ആദ്യമായി അച്ചടിച്ചുവരുന്നത്. ''പുറം മോടിക്കാരനായ ഒരു തട്ടിപ്പുവീരന്‍'' (An upstart crow, beautified with our feathers) എന്ന റോബര്‍ട്ട് ഗ്രീനിന്റെ പരാമര്‍ശമായിരുന്നു അത്. 1590-ല്‍ രചിച്ച ''കോമഡി ഓഫ് എറേര്‍സ്'' ആണ് ഇദ്ദേഹത്തിന്റെ ആദ്യനാടകം. പ്ലേഗ് കാരണം തിയേറ്ററുകള്‍ അടച്ചിട്ടിരുന്ന 1593, 1594 വര്‍ഷങ്ങളില്‍ ഷേക്‌സ്​പിയര്‍ രചിച്ച കവിതകളാണ് 'Venus and Adonis' 'The Rape of Lucree'' എന്നിവ. സന്തോഷവും ദു:ഖവും ചേര്‍ന്ന സീരിയോ-കോമിക് (Serio-Comic) വിഭാഗത്തില്‍പ്പെടുന്നവ യാണ് കവിതകള്‍.

ഷേക്‌സ്​പിയറിന്റെ ആദ്യകാല കൃതികളായ ''ലവ്‌സ് ലേബേഴ്‌സ് ലോസ്റ്റ്'' ''ടൂജെന്റില്‍ മെന്‍ ഓഫ് വെറോണ'', ''കോമഡി ഓഫ് എറേഴ്‌സ്'' എന്നിവയിലെ ജീവന്‍ കഥാഗുംഫനവും സന്ദര്‍ഭസമന്വയവുമാണ് ഹെന്‍ട്രിനാലാമന്‍ (രണ്ടുഭാഗങ്ങള്‍) ഹെന്‍ട്രി അഞ്ചാമന്‍, ഹെന്‍ട്രി ആറാമന്‍, റിച്ചേര്‍ഡ് രണ്ടാമന്‍, റിച്ചേര്‍ഡ് മൂന്നാമന്‍ എന്നിവ ചരിത്രനാടകങ്ങളാണ്. ഹെന്‍ട്രി നാലാമനിലാണ് ഫാള്‍സ്റ്റാഫെന്ന പ്രസിദ്ധഹാസ്യകഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഹെന്‍ട്രി അഞ്ചാമനാണ് ഷേക്‌സ്​പിയറുടെ ആദര്‍ശഭരണാധികാരിയെന്ന് പറയപ്പെടുന്നത്. അക്കാലത്ത് രാജ്യത്തില്‍ തിരതല്ലിയ ദേശാഭിമാനത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് ഷേക്‌സ്​പിയറിന്റെ ഇംഗ്ലീഷ് ചരിത്ര നാടകങ്ങള്‍. ഗ്രീക്ക് നായകന്മാരെ അവതരിപ്പിച്ച ''പെരിക്ലിസും'' ''ടൈമന്‍ ഓഫ് ആഥന്‍സും'' റോമന്‍ കഥയായ ''കൊരിയോ ലാനസും'' ഒന്നാം സ്ഥാനത്തു നിന്നും വളരെ താഴെ മാത്രമെ സ്ഥാനമുള്ളൂവെന്നാണ് നിരൂപകരുടെ അഭിപ്രായം. അതേ സമയം റോമന്‍ ദുന്തനാടകങ്ങളായ ''ജൂലിയസ് സീസര്‍'' , 'ആന്ററണി ആന്റ് ക്ലിയോപാട്ര' എന്നിവ അദ്ഭുതോതിഹാസങ്ങളാണ്.

''മര്‍ച്ചന്റ് ഓഫ് വെനീസ്'' ''മച്ച് എഡ്യൂഎബൗട്ട് നത്തിങ്ങ്'' ''ട്വല്‍ഫ്ത്‌നൈറ്റ്'', ''ആസ് യൂ ലൈക് ഇറ്റ്'' എന്നീ ക്രോമിക് - റൊമാന്റിക് നാടകങ്ങള്‍ പുറത്തു വരുന്നത് 1598 - 1608 കാലത്താണ്. 1594-ല്‍ തന്നെ ''റോമിയോ ആന്റ് ജൂലിയറ്റ്'' എന്ന വികാരാര്‍ദ്രമായ പ്രേമനാടകം രചിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ട്രാജഡി പരിപക്വമാകുന്നത് ''ഹാംലൈറ്റിന്റെ'' പ്രകാശനത്തോടു കൂടിയാണ് (1601) തുടര്‍ന്ന് ''ഒഥല്ലോ'', ''മാക്ബത്ത്'' ''കിങ്ങ്‌ലിയര്‍'' ''ആന്റണി ആന്റ് ക്ലിയോപാട്ര'', എന്നീ ദുരന്തനാടകങ്ങള്‍ ഒന്നിന് പുറകേ ഒന്നായി പുറത്തു വന്നു. ഗ്രീക്ക് ദുരന്തനാടകങ്ങളിലെന്നപോലെ ഷേക്‌സ്​പിയര്‍ നാടകങ്ങളിലും മനുഷ്യനും വിധിയും തമ്മിലുള്ള സംഘട്ടന്തില്‍ തെഞെരിഞ്ഞമരുന്ന മനുഷ്യന്റെ ചിത്രമാണ് കാണുന്നത്. ഓരോ ദുരന്തനായകനുമുണ്ട് വികലമായ ഒരു ന്യൂനത. ഹാംലെറ്റിന് ആകര്‍ഷണതയില്‍ വീഴാനുളള പ്രവണത, ഒഥല്ലോയ് ദുശങ്ക, ലിയര്‍ രാജാവിന് ആത്മ പ്രശംസയും ദുരഭിമാനവും, മാക്‌ബേത്തിന് അധികാരക്കൊതി. പോര്‍ഷ്യയും, ബിയാറ്റ്രിസും, റോസിലിന്‍ഡും, ഡെസ്ഡിമോണയും വയോളയും എല്ലാ ഷേക്‌സ്​പിയറിന്റെ അനശ്വരനായികമാരാണ്. ഹാസ്യകഥാപാത്രങ്ങളില്‍ ഫാള്‍സ്റ്റാഫിന് അടുത്തു നില്‍ക്കുന്നത് സര്‍ടോബി, മാല്‍വോളിയോ, ജാക്വസ് എന്നിവരാണ്. ഷൈലോക്കിന് ദുരന്ത കാഥാപാത്രത്തോടാണ് ഏറെ സാമ്യം. അവസാന കാലഘട്ടത്തില്‍ (1609-1613) അദ്ദേഹം ശുഭാന്ത-ദുരന്ത മിശ്രിതങ്ങളായ കാല്പനികങ്ങള്‍ (Romances) എന്ന് വിളിക്കുന്ന ട്രാജി-കോമഡികള്‍ എഴുതി.''സിംബലിന്‍'', ''വിന്റേഴ്‌സ് ടെയില്‍'', ''ദ ടെംപസ്റ്റ്'', എന്നീ മൂന്ന് ട്രാജി-കോമഡികളും, ''ഹെന്‍ട്രി എട്ടാമന്‍'' എന്ന ചരിത്രനാടകവും ഉള്‍പ്പെടെ നാല് നാടകങ്ങളാണ് ഈ കാലഘട്ടത്തില്‍ എഴുതിയത്.

ഷേക്‌സ്​പിയറിന്റെ നാടകങ്ങള്‍ പാശ്ചാത്യ സാഹിത്യത്തിലേയും ആംഗലേയ ഭാഷയിലേയും എക്കാലത്തേയും മികച്ച രചനയില്‍ ചിലതായിട്ടാണ് കണക്കാക്കുന്നത്. പാത്രസൃഷ്ടിയിലും, നാടകീയതയിലും കാവ്യഭാഷണങ്ങളിലും സാഹിത്യാംശത്തിലും അദ്ദേഹത്തിനൊപ്പം വയ്ക്കാന്‍ നാടക കൃത്തുക്കള്‍ ഇല്ലെന്നുതന്നെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. എല്ലാത്തരം ജനങ്ങളെയും ഒരുപോലെ ആകര്‍ഷിക്കുകയും ആനന്ദാനുഭൂതിയില്‍ ആറാടിച്ച് ഇന്നും ജനഹൃദയങ്ങളില്‍ നിലനില്‍ക്കുന്നതുമാണ് അദ്ദേഹത്തിന്റെ രചനകള്‍.

ഫോള്‍സ്റ്റാഫിലൂടെയും ക്ലിയോപാട്രയിലൂടെയും പ്രോസ്​പറോയിലൂടെയും വൈവിധ്യവും വൈചിത്ര്യവും കലര്‍ന്ന മാനുഷിക സര്‍ഗ്ഗപ്രതിഭ തന്നെയാണ് ദര്‍ശിക്കുന്നത്. ഹാസ്യവും കരുണയും രൗദ്രവും ശ്യംഗാരവും എന്നുവേണ്ട, സകലഭാവങ്ങളും സര്‍വ്വരസങ്ങളും തീഷ്ണശക്തിയോടെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ള ഒരപൂര്‍വ്വ പ്രതിഭാസമായിരുന്നു ഷേക്‌സ്​പിയര്‍. 1616 ഏപ്രില്‍ 23-ന് തന്റെ 62-ാം പിറന്നാള്‍ ദിനത്തിലാണ് അദ്ദേഹം മരിച്ചത്. സ്ട്രാറ്റ്‌ഫോര്‍ഡ് ഏവണിലെ ഹോളി ട്രിനിറ്റി ദേവാലയ സെമിത്തേരിയില്‍ അദ്ദേഹത്തെ സംസ്‌കരിച്ചു. 

No comments:

Post a Comment