Thursday 20 June 2013

ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയില്‍ ആര്‍ത്തനാദം പോലെ ജീവിതം

മാനസിക വിഷമമോ നിരാശയോ ആണ് ആത്മഹത്യക്കു കാരണമാകുന്നതെന്ന് പറയാറുണ്ട്. കടുത്ത മാനസിക വിഷമവും കൊടിയ നിരാശയുമുള്ള ഏത്രയോ മനുഷ്യര്‍ ആത്മഹത്യ ചെയ്യാതെ ജീവിക്കുന്നു എന്നതുകൊണ്ട് ഈ നിരീക്ഷണം ശരിയല്ല. ആത്മഹത്യയെക്കുറിച്ചു നടന്നിട്ടുള്ള പഠനങ്ങള്‍ നോക്കിയാല്‍ ഒരു കാരണം കൊണ്ടു മാത്രം ആത്മഹത്യ ഉണ്ടാകുന്നില്ല എന്നു കാണാം. മാനസികരോഗങ്ങള്‍, പാരമ്പര്യരോഗങ്ങള്‍-അതായത് ജനിതകഘടകങ്ങള്‍ (Genetic Factors), പ്രതികൂല ജീവിത സാഹചര്യങ്ങള്‍, സാമൂഹ്യവും മതപരവുമായ വിശ്വാസങ്ങള്‍ തുടങ്ങിയവയും അതോടൊപ്പം മാധ്യമങ്ങളുടെ സ്വാധീനവും കാണാന്‍ കഴിയും.

ആത്മഹത്യകള്‍ മാനസികരോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷാദരോഗം, സ്‌കിസോഫീനിയ, മദ്യാസക്തിരോഗം, ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വരോഗം എന്നിവയാണ് ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള മാനസികരോഗങ്ങള്‍. വിഷാദരോഗം ബാധിച്ചവരില്‍ 15 ശതമാനവും സ്‌കിസോഫ്രിനിയായില്‍ 10 ശതമാനവും ആത്മഹത്യചെയ്യുന്നു എന്നാണ് കണക്ക്. വിഷാദരോഗം പലപ്പോഴും പുറത്തേക്കറിയാറില്ല. ആത്മഹത്യക്കുശേഷം അയാള്‍ക്കു ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല എന്ന് ആളുകള്‍ പറയുകയും ചെയ്യും. 

പാരമ്പര്യം ആത്മഹത്യക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സുപ്രധാന ഘടകമാണ്. നോവലിസ്റ്റായ ഹെമിങ് വേയുടെ കുടുംബത്തില്‍ പല തലമുറയില്‍പ്പെട്ടവര്‍ പലപ്പോഴായി ആത്മഹത്യചെയ്തതായി കാണാം. തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ആത്മഹത്യയുമായി ബന്ധപ്പെട്ട ചില ജീനുകള്‍ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. മസ്തിഷ്‌കത്തില്‍ കാണുന്ന സെറടോനിന്‍ (Serotonin) എന്ന പദാര്‍ത്ഥത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജീനുകള്‍ ഉദാഹരണം. സെറട്ടോനിന്റെ അളവിലുണ്ടാകുന്ന തകരാറുകള്‍ വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

മുകളില്‍ സൂചിപ്പിച്ച ജനിതകഘടകങ്ങള്‍ പ്രതികൂല ജീവിത സാഹചര്യങ്ങളുമായി ചേരുമ്പോള്‍ ആത്മഹത്യാസാധ്യത പലമടങ്ങായി വര്‍ദ്ധിക്കുന്നു. പരീക്ഷകളിലുണ്ടാകുന്ന തോല്‍വി, പ്രണയബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെയാവുക, സാമ്പത്തിക പ്രതിസന്ധി, മാനഭംഗത്തിന് ഇരയാവുക, അപമാനിക്കപ്പെട്ടു എന്ന ധാരണ, അംഗവൈകല്യം, കടുത്തവേദന, ശാരീരിക രോഗങ്ങള്‍ മുതലായവയാണ് പ്രതികൂല ജീവിതസാഹചര്യങ്ങള്‍. ഇവമാത്രമല്ല ആത്മഹത്യയുടെ കാരണമാകുന്നത്. പാരമ്പര്യഘടകങ്ങള്‍, മാനസിക രോഗങ്ങള്‍, സാമൂഹ്യവും സാംസ്‌കാരികവുമായ ചില സമീപനങ്ങള്‍ എന്നിവയില്‍ ഒന്നോ അതില്‍ കൂടുതലോ ആയ ഘടകങ്ങള്‍ ചേരുമ്പോഴഴാണ് ആത്മഹത്യക്കു കാരണമാകുന്നത്.

സാംസ്‌കാരിക പശ്ചാത്തലം, മാധ്യമങ്ങള്‍

ആത്മഹത്യ മഹത്തായ കര്‍മ്മമാണെന്നുള്ള പ്രചരണമുണ്ട്. യുദ്ധത്തില്‍ തോല്‍ക്കേണ്ടി വരുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന യോദ്ധാക്കളുടെ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നു. ആത്മഹത്യക്കു വീരപരിവേഷം നല്‍കുന്ന സംസ്‌കാരം ആപത്കരമാണ്. പ്രതിസന്ധികളില്‍ പതറാതെ അവയെ നേരിട്ട് ജീവിക്കാനുള്ള മനുഷ്യരുടെ ധീരതയെ അത് ഇല്ലാതാക്കുന്നു. ആത്മഹത്യചെയ്യുന്നതില്‍ ധീരതയില്ല. ഒരു നിമിഷത്തില്‍ ദുര്‍ബലരായ മനുഷ്യര്‍ എടുക്കുന്ന മണ്ടന്‍ തീരുമാനം മാത്രമാണത്. യഥാര്‍ത്ഥത്തില്‍ ക്ലേശങ്ങളോടു പടവെട്ടി ജീവിക്കുന്നതാണ് ധീരത, അതിലാണ് മഹത്വവും.

ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മാധ്യമ സദാചാരത്തിനും സാമൂഹ്യ ഉത്തരവാദിത്വത്തിനും യോജിച്ച രീതിയിലല്ല. ആത്മഹത്യയെക്കുറിച്ചുള്ള ശാസ്ത്രീയ വസ്തുതകളെക്കുറിച്ച് അവബോധമില്ലെന്ന് തെളിയിക്കുന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍ അച്ചടിച്ചു വരുന്നത്. ശ്രദ്ധിക്കപ്പെടുന്ന പ്രവൃത്തി അനുകരിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു എന്നുള്ളത് മനഃശാസ്ത്രത്തിലെ അടിസ്ഥാന സിദ്ധാന്തമാണ്. സ്‌കിന്നറുടെ ദൃഢീകരണ സിദ്ധാന്ത(ഞലശിളീൃരലാലി േവേലീൃ്യ)വും, ആല്‍ബര്‍ട്ട് ബസുരയുടെ സാമൂഹ്യപഠന സിദ്ധാന്ത(Social learning theory)വും ഇവ സ്ഥാപിക്കുന്നതാണ്. 

ഓസ്‌ട്രേലിയായില്‍ മാധ്യമപ്രവര്‍ത്തകരും മനഃശാസ്ത്രജ്ഞരും ചേര്‍ന്നുണ്ടാക്കിയിട്ടുള്ള ഒന്നാണ് മൈന്‍ഡ് ഫ്രെയിം മീഡിയ ഇനീഷിയേറ്റീവ്. ഈ ധാരണ പ്രകാരം ആത്മഹത്യകളൊന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. അഥവാ റിപ്പോര്‍ട്ട് ചെയ്താല്‍ അവ ചെറുതായി മാത്രം നല്‍കാന്‍ ശ്രമിക്കുന്നു. ആത്മഹത്യ ചെയ്തരീതി, സ്ഥലം, അതിന്റെ കാരണങ്ങള്‍ എന്നിവയൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നത് ഉചിതമല്ല. ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ആത്മഹത്യയുമായി ബന്ധപ്പെട്ട മാനസിക രോഗങ്ങള്‍, കുടുംബാംഗങ്ങളുടെ സ്ഥിതി എന്നിവയുടെ വിശദാംശങ്ങളും നല്‍കുന്നത് നല്ലതാണ്. ങശിറ എൃമാല ങലറശമ കിശശേമശേ്‌ല ഓസ്‌ട്രേലിയയില്‍ നിലവില്‍ വന്നത് 1997 ലാണ്. അതിനുശേഷം ആത്മഹത്യയില്‍ ഗണ്യമായി കുറവ് ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഫാന്റസികള്‍

ആത്മഹത്യയുമായി ബന്ധപ്പെട്ട ചില ഫാന്റസികള്‍ മനഃശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആത്മഹത്യയിലൂടെ ശക്തി ലഭിക്കുന്നു എന്ന ഫാന്റസി (Wish for power) ആത്മഹത്യയിലൂടെ പ്രതികാരം നിറവേറ്റാനുള്ള അഭിവാജ്ഞ (Wish for revenge), ത്യാഗം, പ്രായശ്ചിത്തം (ണശവെ ളീൃ മീേിലാലി)േ, പലായനം (Escape), മരിച്ചവരുമായുള്ള കൂടിച്ചേരല്‍ എന്നിവയാണിവ. 

മുന്നറിയിപ്പുകള്‍

ആത്മഹത്യ ചെയ്യാനുള്ള മനസ്സുമായി ഒരാള്‍ നടക്കുമ്പോള്‍ അതിന്റെ ലക്ഷണങ്ങള്‍ അയാളറിയാതെ തന്നെ പുറത്തേക്കു കാണാറുണ്ട്. വിഷാദരോഗത്തിന്റെ ലക്ഷണങ്ങളായ ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ശരീരത്തില്‍ പലയിടത്തുമുള്ള വേദന മുതലായവക്കുള്ള പരിഹാരംതേടി ഒരു ഡോക്ടറുടെ അടുത്ത് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ഒരു മാസത്തിനുള്ളില്‍ പോയിട്ടുള്ളവരാണ് ആത്മഹത്യ ചെയ്തിട്ടുള്ളവരില്‍ നിരവധിപേര്‍. പതിവിലും കൂടുതലായി ഒരാള്‍ മറ്റൊരാളെക്കണ്ട് സങ്കടം പറയുക, കരയുക, എന്നിവയെല്ലാം ഗൗരവത്തോടെ പരിഗണിക്കണം. 

വ്യക്തി ബന്ധങ്ങളില്‍ നിന്നും സാമൂഹ്യ ബന്ധങ്ങളില്‍ നിന്നും ഉള്‍വലിയുക, മൗനിയായി കാണുക, സ്ഥിരംചെയ്യുന്ന കാര്യങ്ങള്‍ക്ക് മുടക്കു വരുത്തുക, സന്ദര്‍ശനം വെട്ടിച്ചുരുക്കുക, സ്വത്തുക്കള്‍ ദാനം ചെയ്യുക, വില്‍പ്പത്രം തയ്യാറാക്കുക എന്നിവയും ആത്മഹത്യക്കു മുന്‍പുള്ള ലക്ഷണങ്ങളാകാം. ആത്മഹത്യചെയ്യുന്നതിന് തൊട്ടു മുന്‍പാകട്ടെ ഒരാള്‍ സുഹൃത്തുക്കളെ വിളിക്കുകയോ സന്ദര്‍ശിക്കുകയോചെയ്ത് പതിവില്ലാത്ത രീതിയില്‍ യാത്രപറയുകയും ചെയ്‌തേക്കാം. 

ചിലപ്പോള്‍ സ്വസ്ഥതയില്ലാത്ത രീതിയില്‍ കാണപ്പെട്ടേക്കാം. ഒരിടത്ത് ഇരിക്കാന്‍ സാധിക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഒരവസ്ഥ പ്രകടമായേക്കാം. അപൂര്‍വം ചിലര്‍ പ്രസന്നതയോടെയും കാണപ്പെടുന്നു. ചുരുക്കത്തില്‍ ഒരാള്‍ പതിവില്ലാത്ത ഏതു രീതിയില്‍ പെരുമാറിയാലും അത് സംശയിക്കപ്പെടണം. ആത്മഹത്യ ചിന്തകളോ അതുമായി ബന്ധപ്പെട്ട വിഷയങ്ങളോ സംഭവങ്ങളോ ഒരാള്‍ പ്രകടിപ്പിച്ചാല്‍ അയാളോട് അതിനെക്കുറിച്ചു കൂടുതല്‍ സംസാരിക്കുകയും നിരീക്ഷിക്കുകയും വേണം. 

തെറ്റിദ്ധാരണകള്‍
1. ആത്മഹത്യയെക്കുറിച്ച് ഒരാളോട് സംസാരിക്കുന്നത് ആത്മഹത്യക്കു കാരണമായേക്കാം. ഇത് തെറ്റാണ്. യഥാര്‍ത്ഥത്തില്‍ ഒരാള്‍ ആത്മഹത്യാ മുന്നറിയിപ്പുകള്‍ നല്കിക്കഴിഞ്ഞാല്‍ അയോളോട് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്നു ചോദിക്കുകയാണ് വേണ്ടത്. ഈ ചോദ്യം കൊണ്ട് അയാള്‍ ആത്മഹത്യ ചെയ്യുകയല്ല മറിച്ച് ആത്മഹത്യചെയ്യാനുള്ള തന്റെ പദ്ധതി ചോദിക്കുന്ന ആളോട് പങ്കുവെക്കുകയാണ് സാധാരണ ചെയ്യുക. മനസ്സിലെ വിഷമങ്ങള്‍ ആരോടെങ്കിലും പറയാന്‍ കാത്തിരിക്കുന്ന ഒരാള്‍ക്ക് ആ ചോദ്യം വലിയ ആശ്വാസമായിരിക്കും.

2. ഒരിക്കല്‍ ആത്മഹത്യക്കു ശ്രമിച്ചയാള്‍ അതിന് വീണ്ടും ശ്രമിക്കില്ല. നേരെ മറിച്ചാണ് വസ്തുത. ഒരിക്കല്‍ ആത്മഹത്യക്കു ശ്രമിച്ചവര്‍ പിന്നീട് ആത്മഹത്യ ചെയ്യാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ വളരെകൂടുതലാണ്. ഒരര്‍ത്ഥത്തില്‍ ആത്മഹത്യ പ്രവചിക്കാന്‍ കഴിയുന്ന ഒരേയൊരുകാര്യം മുന്‍പു നടന്നിട്ടുള്ള ആത്മഹത്യാശ്രമമാണ്.

3. ഒരാള്‍ ഒരിക്കല്‍ ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചാല്‍ അയാളെ അതില്‍ നിന്നും പിന്‍തിരിപ്പിക്കുക സാധ്യമല്ല. പലരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചാല്‍ പോലും ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് അതില്‍നിന്നും പിന്‍തിരിയുന്നു.ആത്മഹത്യക്കു തൊട്ടുമുന്‍പുള്ളവേളയില്‍ പലരിലും ജീവിക്കാനും ആത്മഹത്യചെയ്യാനുമുള്ള ചിന്തകള്‍ മാറിമാറി വരാറുണ്ട്. ഇതിനെ ഉഭയവാസന (Ambivalence) എന്നു പറയുന്നു. ആത്മഹത്യചെയ്ത ചിലരുടെ കുറിപ്പുകളില്‍നിന്നും ഇത്‌വ്യക്തമാണ്. ആത്മഹത്യ ആരും ഇഷ്ടത്തോടെ തിരഞ്ഞെടുക്കുന്നതല്ല. ജീവിക്കാന്‍ ഒരുനിവൃത്തിയുമില്ല എന്ന് ഒരാള്‍ക്ക് തോന്നുന്ന അവസരത്തില്‍, ഏറ്റവും വേദനാജനകമായ സമയത്ത് ഒരാള്‍ എടുക്കുന്ന തീരുമാനമാണത്. ആത്മഹത്യാശ്രമത്തിനുശേഷവും ചിലര്‍ രക്ഷപ്പെടാനുള്ള സഹായം അഭ്യര്‍ത്ഥിക്കുന്നത് ഉഭയവാസനയുടെ തെളിവാണ്. 

പ്രവചനവും പ്രതിരോധവും

ആത്മഹത്യചെയ്യുന്ന എല്ലാവരിലും അതിന്റെ മുന്നറിയിപ്പുകള്‍ കാണണമെന്നില്ല. എന്നിരുന്നാലും അതിന്റ സാധ്യത കൂടുതലാണോ കുറവാണോ എന്നു പറയാന്‍ സാധിക്കും. അമിതമായി മദ്യപിക്കുന്നവര്‍, വിവാഹമോചനം കഴിഞ്ഞവര്‍, ഉറ്റവരെ നഷ്ടപ്പെട്ടവര്‍, ഒറ്റക്കുതാമസിക്കുന്നവര്‍, മുന്‍പ് ആത്മഹത്യാ ശ്രമംനടത്തിയവര്‍, സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍, കാന്‍സര്‍ രോഗികള്‍, സ്ഥിരമായി വേദന അനുഭവിക്കുന്നവര്‍ മാനസികരോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവരിലെല്ലാം അതിന്റെ സാധ്യത കൂടുതലാണ്.

അതുപോലെതന്നെ ആത്മഹത്യയെ നൂറുശതമാനവും പ്രതിരോധിക്കാന്‍ കഴിയുകയുമില്ല. ഒരു പരിധിവരെ തടയാന്‍ സാധിച്ചേക്കും. മുകളില്‍ സൂചിപ്പിച്ച വിഭാഗത്തില്‍പ്പെട്ടവരോട് ആത്മഹത്യാ ചിന്തകളുണ്ടോ എന്നു ചോദിക്കുന്നതാണ് ഒരു പ്രതിരോധമാര്‍ഗ്ഗം. ആത്മഹത്യയുടെ മുന്നറിയിപ്പ് നല്കുന്നവരെ പിന്തുടര്‍ന്നു നിരീക്ഷിച്ച് അവര്‍ക്ക് മതിയായ സംരക്ഷണവും ശുശ്രൂഷയും നല്‍കുകയാണ് മറ്റൊന്ന് . വിഷാദരോഗത്തെ ചികിത്സിക്കുന്നതിലൂടെ 30 ശതമാനം ആത്മഹത്യകളും ഒഴിവാക്കാനാകും എന്ന് പഠനങ്ങള്‍ ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ട്.

പഠിക്കുന്നവരില്‍നിന്നും പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളില്‍നിന്നും ജോലി സ്ഥലങ്ങളിലുള്ളവരില്‍ നിന്നും ആത്മഹത്യാ ചോദ്യാവലി (Suicide Questionnarire) പൂരിപ്പിച്ച് തരാന്‍ ആവശ്യപ്പെടുന്നത് ഉചിതമായിരിക്കും. ഇത്തരത്തില്‍ ആത്മഹത്യാ ചിന്തകള്‍പേറി നടക്കുന്നവരെ തിരിച്ചറിയാനും അവരെ സഹായിക്കാനും സാധിക്കും. ഈ ചോദ്യാവലിയെതുടര്‍ന്ന് ഓരോരുത്തരുടെയും സ്വകാര്യതയും രഹസ്യസ്വഭാവവും (Confidentialtiy) ഉറപ്പുവരുത്തിയാല്‍ കൂടുതല്‍പേര്‍ അതില്‍ പങ്കെടുക്കും.

ആത്മഹത്യാ ചിന്തകള്‍ ഉണ്ടാകുന്ന സമയത്ത് ആത്മഹത്യ പ്രതിരോധ സംഘടനകളെ ബന്ധപ്പെടുന്നതാണ് വേറൊരു മാര്‍ഗ്ഗം. ഈ സംഘടനകളെക്കുറിച്ചുള്ള വിവരങ്ങളോ പരസ്യങ്ങളോ മാധ്യമങ്ങള്‍ നല്കുന്നത് സഹായകരമാകും. 

കൊലപാതകത്തിന്റെ മനഃശാസ്ത്രം

ആത്മഹത്യാ മനഃശാസ്ത്രത്തിന്റെ അത്ര തന്നെ വികാസിച്ചതല്ല കൊലപാതകങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍. എന്നാല്‍ സമീപകാലത്തായി നിരവധി ഗവേഷണങ്ങള്‍ കൊലപാതകവുമായി ബന്ധപ്പെട്ട മനഃശാസ്ത്രത്തെയും ജീവശാസ്ത്രത്തെയും കുറിച്ച് നടന്നിട്ടുണ്ട്. 

ഒരര്‍ത്ഥത്തില്‍ ആത്മഹത്യയുടെയും കൊലപാതകത്തിന്റെയും ശാസ്ത്രം ഏറെക്കുറെ സമാനമാണ്. ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തവും. മറ്റു ജനിതക സിദ്ധാന്തങ്ങളും അനുസരിച്ച് ഓരോ മനുഷ്യനും സ്വന്തം ജീനുകള്‍ സംരക്ഷിക്കാനുള്ള അന്തര്‍ലീനമായ ചോദനയുണ്ട്. മനുഷ്യരുടെ ജീനുകള്‍ മനുഷ്യകുലത്തിന് പൊതുവായിട്ടുള്ളതാണ്. അത് എല്ലാവരിലും സമാനമാണ്, മനുഷ്യകുലത്തിന് മൊത്തമുള്ള ജീനുകളാണ് ജീന്‍പൂള്‍(Gene pool). ഒരാള്‍ വേരൊരു മനുഷ്യനെ കൊല്ലുമ്പോള്‍ സ്വന്തം ജീനുകളെത്തന്നെയാണ് നശിപ്പിക്കുന്നത്.

ആത്മഹത്യയുമായി ബന്ധപ്പെട്ട് മസ്തിഷ്‌കത്തിലെ സെറൊട്ടോനിന്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ തകരാറുകള്‍ തന്നെയാണ് കൊലപാതകവുമായി ബന്ധപ്പെട്ടു കിടക്കുന്നത്. പെട്ടെന്നുണ്ടാകുന്ന അക്രമത്തിനും ദേഷ്യത്തിനും പിന്നില്‍ ഈ പദാര്‍ത്ഥത്തിന്റെ തകരാറ് പല പഠനങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. മനഃശാസ്ത്രപരമായി കൊലപാതകങ്ങളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഒന്ന് മനഃപൂര്‍വമല്ലാത്തതും മുന്‍കൂട്ടി ആസൂത്രണം ചെയ്യാത്തതും. രണ്ട് വ്യക്തമായി ആസൂത്രണം ചെയ്യുന്നതും മുന്‍കൂട്ടി തയ്യാറെടുത്ത് നടത്തുന്നതുമായ കൊലപാതകങ്ങള്‍. ഇവയില്‍ ആദ്യത്തെ വിഭാഗത്തില്‍, പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തിലും വികാരത്തിന്റെ പുറത്തും ഒരാള്‍ വേറൊരാളെ ആക്രമിക്കുന്നു. 

പരിക്കുകള്‍ ഗുരുതരമാകുമ്പോള്‍ അയാള്‍ മരിച്ചെന്നുവരാം. സെറട്ടോനിന്‍ പദാര്‍ത്ഥത്തിന്റെ തകരാറുകള്‍ ഈ വിഭാഗത്തില്‍പ്പെടുന്ന കൊലപാതകങ്ങളായാണ് കണ്ടുവരുന്നത്. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന കൊലപാതകങ്ങളുമായി കണ്ടുവരുന്ന ജീവശാസ്ത്ര തകരാറുകള്‍ വേറെയാണ്. ഇതില്‍ ഏറ്റവും പ്രധാനമായത് സിംപതെറ്റിക് നാഡീവ്യൂഹത്തിന്റെ (ട്യാുമവേലശേര ചലൃ്ീൗ െട്യേെലാ) നിര്‍ജ്ജീവിയാണ്. ഈ നിര്‍ജ്ജീവതയുള്ളവര്‍ പൊതുവെ വികാരങ്ങളൊന്നും കാര്യമായി പ്രകടിപ്പിക്കാറില്ല, വിശേഷിപ്പിച്ചു സഹജീവികളോടുള്ള അനുകമ്പ മറ്റുള്ളവരുടെ വികാരങ്ങളും ആവശ്യങ്ങളും ഒരാള്‍ മനസ്സിലാക്കുന്നത് മസ്തിഷ്‌കത്തിലെ മിറര്‍ (ങശൃൃീൃ ചലൗൃീില)െ ന്യൂറോണുകള്‍ മുഖേനയാണ്. കൊലപാതകം നടത്തുന്നവരില്‍ ഈ ന്യൂറോണുകളുടെ പ്രവര്‍ത്തനം കാര്യമായി നടക്കുന്നില്ലെന്നു വേണം കരുതാന്‍.


കൊലപാതകവാസനകള്‍ വികസിച്ചു വരുന്നതില്‍ മനഃശാസ്ത്രപരവും ജീവശാസ്തരപരവുമായ ഘടകങ്ങള്‍ മാത്രമല്ല ഉള്ളത്. സാമൂഹ്യവും സാംസ്‌കാരികവുമായ കാര്യങ്ങള്‍ കൊലപാതകവാസനയെ സ്വാധീനിക്കുന്നു. ചുറ്റും കൊലപാതകങ്ങള്‍ നടക്കുന്ന ഒരുസമൂഹത്തില്‍ കൊലപാതകം ഒടുവില്‍ പ്രതിവിധിയോ ആദര്‍ശമോ ആയി മാറുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ ബന്ധുരയുടെ സാമൂഹ്യ-പഠന സിദ്ധാന്തമനുസരിച്ച് കുട്ടിക്കാലം മുതലേ പലരും കൊലപാതകത്തെ അനുകരിക്കാന്‍ തുടങ്ങുന്നു. കൊലപാതകങ്ങള്‍ക്കു പെട്ടെന്നും സ്ഥായി ആയതുമായ ശിക്ഷ ലഭിക്കാത്ത സമൂഹത്തില്‍ അതിനെതിരെയുള്ള ചെറുത്തു നില്പുകള്‍ ഇല്ലാതാകുന്നു. അക്രമവും കൊലപാതകരംഗങ്ങളും കാണിക്കുന്ന ദൃശ്യമാധ്യമങ്ങള്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. ഇവിടെ സാമൂഹ്യ-പഠനസിദ്ധാന്തം മാത്രമല്ല സ്‌കിന്നറുടെ ദൃഢീകരണസിദ്ധാന്തവും കൊലപാതകങ്ങള്‍ക്ക് അനുകൂലമാകുന്നു. 

സ്‌ക്രീനുകളില്‍ കാണുന്ന അക്രമങ്ങളും കൊലപാതകങ്ങളും അനുകരണത്തിലൂടെ ഏറെക്കുറെ അബോധപൂര്‍വമായി തെരുവുകളിലേക്ക് പരക്കുന്നു എന്നതിന് ഒട്ടേറെ ശാസ്ത്രീയ തെളിവുകളുണ്ട്. ഇതു കൂടാതെ രക്തവും മാംസവും മൃഗീയമായ കൊലപാതകങ്ങളും തുടരെത്തുടരെ കാണുന്നതിലൂടെ ഒരുതരം വൈകാരിക നിസ്സംഗത (Emotional desensitization) ഉണ്ടാകുന്നതായി ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വൈകാരിക നിസ്സംഗത പല കൂട്ടകൊലപാതകങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നു. ചുരുക്കത്തില്‍ കൊലപാതകത്തെ ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമായി കാണാനാവില്ല. രോഗാതുരമായ ഒരു സമൂഹത്തിന്റെയും ഭയരഹിതമായ(എലമൃഹല)ൈ ഒരു സംസ്‌കാരത്തിന്റെയും പശ്ചാത്തലത്തില്‍ മാത്രമെ കൊലപാതകങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാനാകൂ.

(മാനസികപ്രശ്‌നങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment