Tuesday 9 July 2013

my most favrit scene

കടല്‍ത്തീരം -സന്ധ്യ.
കരീംക്ക ഒരു കെറ്റില്‍ തിളയ്ക്കാന്‍ വെച്ചിട്ടുണ്ട്. കരീംക്കയുടെ വീട്ടിലെ അടുക്കളയുടെ പുറത്ത് മണലില്‍ ഫെയ്‌സി അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നു.
ഫെയ്‌സി
ഈ സിറ്റീല് ഇങ്ങളെ ബിരിയാണി കഴിഞ്ഞിട്ടേ ഉള്ളു ബാക്കി എല്ലാരേയും.. ഇന്നിട്ടും ഉസ്താദ് ഹോട്ടല്‍ നഷ്ടത്തിലാണ്... അത് എന്തോണ്ടാന്ന് ആലോയ്ച്ചിട്ടുണ്ടോ ഉപ്പുപ്പാ?
കരീംക്ക ഒരു നിമിഷത്തേക്ക് നിശ്ശബ്ദനാവുന്നു.
കരീംക്ക
ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഗുണത്തില് ഇമ്മള് ഒരു കൊറവും വെരുത്താറില്ല, അപ്പൊ ചെലവ് കൂടും.

ഫെയ്‌സി
വെല ഒട്ടു കൂട്ടൂം ഇല്ല...

കരീംക്ക
അതെല്ല മോനെ, വെല കൂട്ടാണ്ട് തന്നെ ഇമ്മക്ക് ലാഭം ഉണ്ടാവാറുണ്ട്, പഷേ വേറെ ചില ചെലവുകള്‍ വരുമ്പോള്‍, അതിനും വഴി കാണണ്ടേ?

ഫെയ്‌സി
ഉമ്മര്‍ക്കാന്റെ മോന്റെ കോളജ് ഫീസ്, ഇല്ലെങ്കി ആബിദത്താത്തേന്റെ മോളെ നിക്കാഹ്... അല്ലേ?
കരീംക്ക പുഞ്ചിരിക്കുന്നു.
ഫെയ്‌സി
അങ്ങനെ നോക്കിയാ... ഇങ്ങളിത് നടത്തുന്നെ ഇവിടെ ഉള്ളോരെ കാര്യങ്ങള്‍ നോക്കാനാ, അല്ലാണ്ട്. കച്ചോടായിട്ടല്ലല്ലോ?
ഫെയ്‌സി സംസാരിക്കുന്നതിനിടെ കരീംക്ക സുലൈമാനി ഉണ്ടാക്കുന്നു. അയാള്‍ ജ്വാല കുറയ്ക്കുന്നു. പാത്രത്തില്‍ ചായ തിളച്ചുമറിയുന്നു.
ഫെയ്‌സി
ഉപ്പുപ്പ എപ്പോം പറയാറില്ലേ, പഴയപോലെ എല്ലാം വിറ്റ് ദൂരെയാത്രക്ക് പോണം... എല്ലാ ദര്‍ഗ്ഗേലും ചെന്ന് ദിക്കര്‍ ചെയ്യണം എന്നൊക്കെ? ഹോട്ടല് അടക്കാണ്ട് അതിനൊക്കെ പറ്റുവോ?
കെറ്റിലും രണ്ടു ഗ്ലാസുമെടുത്ത് കരീംക്ക സാവധാനം മണലിലൂടെ വെള്ളത്തിനരികിലേക്ക് നടക്കുന്നു. ഫെയ്‌സി പിന്നാലെ പോകുന്നു.
കരീംക്ക
എനിക്ക് കഴിയുന്ന പോലെ ചെയ്യുന്നുണ്ട് മോനെ. പഷേ, ഏത് തോണിയും ഒറ്റക്ക് തുഴഞ്ഞാ തോനെ ദൂരം പോവൂല. കൂടെ തുഴയാന്‍ ആളുണ്ടായിരുന്നെങ്കി അങ്ങനെയല്ല.
ഫെയ്‌സിക്ക് സൂചന മനസ്സിലാവുന്നു. അവന്‍ അസ്വ്സ്ഥനാവുന്നു.
ഫെയ്‌സി
ഇങ്ങക്ക് തോന്നുന്ന ഒരു കമിറ്റ്‌മെന്റ് വേറെ ആര്‍ക്കും ഹോട്ടലിനോട് ഇണ്ടാവൂലല്ലോ ഉപ്പുപ്പാ. അതോണ്ടെന്നെ, ഇങ്ങള് തൊടങ്ങിയത് ഇങ്ങളന്നെ തീര്‍ക്കുന്നതാ നല്ലത്.
കരീംക്കയുടെ കണ്ണുകളില്‍ നിരാശ. അയാള്‍ കടലിലേക്ക് നോക്കുന്നു.
കരീംക്ക
കിസ്മത് എന്നൊന്നുണ്ട് ഫെയ്‌സീ. അതിനെ ആര്‍ക്കും തടുക്കാന്‍ ആവൂല. ഇമ്മക്ക് നോക്കാ എന്താ ഉണ്ടാവാന്ന്.

ഫെയ്‌സി
ഇമ്മളെ കിസ്മത്തൊക്കെ ഇമ്മളന്നെ ഇണ്ടാക്കുന്നാ ഉപ്പൂപ്പാ. എന്റെ ലൈഫില്‍ എന്തു ചെയ്യണമെന്ന് ഞാന്‍ തന്നെ തീരുമാനിക്കണ്ടേ, അയിനു വേറെ ആര്‍ക്കും പറ്റൂലല്ലൊ.
ഇരിക്കാന്‍ ഒരു സ്ഥലം കണ്ടെത്തി അയാള്‍ മണലില്‍ ഇരിക്കുന്നു.
കരീംക്ക
അങ്ങനെയാണെങ്കി, ഈ ഇമ്മളെ കൂടെ ഇവിടെ ഉണ്ടാവുവായിരുന്നോ?
ഫെയ്‌സിക്ക് ഉത്തരം മുട്ടുന്നു.
കരീംക്ക
അന്റെ ഇഷ്ടനിസരിച്ചായിരുന്നെങ്കി, ഈ ഇപ്പൊ ലണ്ടനില്‍ കസറിന്നുണ്ടാവൂല്ലേ! അല്ലാണ്ട് ഇവിടെ ഇങ്ങനെ ഒരു കെള
വന്റെ പ്രശ്‌നങ്ങളുമായി ഇരിക്കൂലാലോ... കിസ്മത് ആണു മോനെ...
കരീംക്ക ഒരു ഗ്ലാസ് ഫെയ്‌സിക്കു നീട്ടുന്നു. ഫെയ്‌സി പുഞ്ചിരിച്ചുകോണ്ട് ഗ്ലാസ് വാങ്ങുന്നു. കരീംക്ക അതിലേക്ക് സുലൈമാനി ഒഴിക്കുന്നു.
ഫെയ്‌സി
അറീല ഉപ്പുപ്പാ, ചെലപ്പൊ തോന്നും ലണ്ടനൊക്കെ സ്വപ്നം കണ്ടതില്‍ ഒരു അര്‍ഥവുമില്ലെന്ന്.
ഫെയ്‌സി ചുമല്‍ കുലുക്കുന്നു. സുലൈമാനി ഒന്നു നുണയുന്നു.
ഫെയ്‌സി
(ഗ്ലാസിലേക്ക് നോക്കിക്കൊണ്ട്,)
എന്തോ ഒരു വിത്യാസം ഉണ്ടല്ലോ...
കരീംക്ക പുഞ്ചിരിക്കുന്നു. ഫെയ്‌സി കൂട്ട് മണത്തുനോക്കുന്നു.
ഫെയ്‌സി
ഏലക്കാ..? അല്ല... കരാമ്പട്ട.. ങും... കരാമ്പട്ടയുടെ ഇല.. അല്ലേ?
കരീംക്ക
അയില് ചേര്‍ത്തതൊക്കെ പറഞ്ഞുതരാ, പഷേ, അയിനെക്കാട്ടും വലിയത് അന്റെ മനസ്സില്‍ തോന്നല്‍ ആണ്... ഓരോ സുലൈമാനിയിലും ഒരു ഇത്തിരി മൊഹബത് വേണം. അത് കുടിക്കുമ്പം, ലോകം ഇങ്ങനെ പതുക്കെയായിവന്ന് നിക്കണം.
സുലൈമാനി കുടിക്കുമ്പോള്‍ ഫെയ്‌സി കണ്ണുകള്‍ അടയ്ക്കുന്നു. അവനുചുറ്റും ലോകം തിരിയുന്നതായി തോന്നുന്നു. അവന്റെ മുഖത്ത് പുഞ്ചിരി. സുലൈമാനിയുടെ അസ്തമയസൂര്യന്റെ നിറം മെല്ലെ കറുപ്പിലേക്ക് മാറുന്നു
കരീംക്ക
ആ രുചിയില്‍ എല്ലാം അലിഞ്ഞുചേര്‍ന്ന് ഇമ്മള് ഇല്ലാണ്ടാ
വണം-
ഇരുട്ടില്‍നിന്ന് ഷഹാനയുടെ ഒരു മങ്ങിയ രൂപം തെളിഞ്ഞുവരുന്നു. ഫെയ്‌സിയുടെ മുഖത്തെ പുഞ്ചിരി മായുന്നു. ഫെയ്‌സി ഒരു ഞെട്ടലോടെ കണ്ണുകള്‍ തുറക്കുന്നു.
കരീംക്ക
അതാണ് ശരിയായ മൊഹബത്ത്. അതാണ് ബെസ്റ്റ് സുലൈമാനി.
അവന്‍ കൂടുതല്‍ കുടിക്കുന്നു.
ഫെയ്‌സി
ഉപ്പുപ്പാ, ഇങ്ങളെ മൊഹബത്തിന്റെ കഥ പറഞ്ഞുതെരുവോ?

കരീംക്ക
അന്റെ ഉപ്പുപ്പാക്ക് മൊഹബത്തുണ്ടായിരുന്നെന്ന് അനക്ക് എന്താടാ ഒറപ്പ്?

ഫെയ്‌സി
ങും..സുലൈമാനി കുടിച്ച ആക്കല്ലേ അതിന്റെ രുചി അറിയാവൂ?
ചിരിച്ചുകൊണ്ട് പിന്നിലേക്ക് ചരിഞ്ഞ് ചക്രവാളം നോക്കിയിരിക്കുന്ന കരീംക്കയുടെ മുഖം തുടുക്കുന്നു. കരീംക്കയുടെ മുഖത്ത് ഓര്‍മകള്‍ മൃദുഭാവം വരുത്തുമ്പോള്‍ ഒരു ഹിന്ദുസ്ഥാനി സംഗീതം ഉയരുന്നു.
കരീംക്ക
കാലം കടന്നുപോയെങ്കിലും ഇന്നലെ കയിഞ്ഞ പോലെ ഉണ്ട്...

FADE TO:
69 |EXT.
മൗലവിയുടെ വീട്- പകല്‍.
കരീംക്ക
ഇന്റെ പതിനെട്ടാം വയസ്സില്, ഞാന്‍ ഇമ്മളെ ഉസ്താദിന്റെ കൂടെ ചേര്‍ന്ന കൊല്ലം. മൗലവീന്റെ മോളെ നിക്കാഹിന് ബിരിയാണി ഇണ്ടാക്കാന്‍ കൂടിയതാ...
നനുത്ത മീശയുള്ള ഒരു പയ്യന്‍ അടുപ്പിന്റെ മുകളില്‍ ഒരു വലിയ കുട്ടകം ഇളക്കിക്കൊണ്ടിരിക്കുന്നു. പുകയടിച്ച് കണ്ണ് ചുവക്കുമ്പോള്‍, കണ്ണു തുടയ്ക്കാനായി അവന്‍ ഒരു നിമിഷം പുറത്തേക്ക് തിരിയുന്നു.
കരീംക്ക
ബിരിയാണിച്ചെമ്പീന്ന് കണ്ണുതെറ്റിയപ്പൊ ആ ഒരു ഹൂറീന്നെ കണ്ടു... ജെനവാതിലില്‍ വെള്ള ഉടുത്ത ഒരു ഹൂറി.
അവന്‍ കണ്ണുതുറക്കുമ്പോള്‍, പിന്നിലെ ഭിത്തിയില്‍, മുകളിലത്തെ നിലയില്‍, ഒരു ജനാല കാണുന്നു. അഴികളിട്ട ജനാലയ്ക്കരികില്‍ കഷ്ടിച്ച് പതിനാറു വയസ്സുള്ള ഒരു പെണ്‍കുട്ടി ഇരിക്കുന്നു. വെള്ള വസ്ത്രം ധരിച്ച അവളുടെ തട്ടവും തൂവെള്ളയാണ്. കണ്‍മഷിയിട്ട പച്ചക്കണ്ണൂകള്‍ അവനെത്തന്നെ നോക്കിനില്ക്കുന്നു.
കരീംക്ക
കൂട്ടില്‍ അടച്ച കിളിയെപ്പോലെ...
അവന്‍ ഇമവെട്ടാതെ അവളെ നോക്കിനില്ക്കുന്നു.
കരീംക്ക
ഇമ്മളെ ഞെഞ്ചില്‍ എന്തോ ഒന്ന് വല്ലാതെ പെടക്കാന്‍ തുടങ്ങി...

FADE TO:
70 |EXT.
കടല്‍ത്തീരം -രാത്രി.
കരീംക്കയുടെ കണ്ണുകള്‍ ദൂരെ ചക്രവാളത്തില്‍.
കരീംക്ക
അതുവരെ ഉണ്ടായ എല്ലാം ആ നിമിഷത്തിലേക്ക് വന്ന്‌നിന്നപോലെ.

ഫെയ്‌സി
ആരായിരുന്ന്?
കരീംക്ക മയക്കത്തില്‍നിന്ന് ഞെട്ടിയെഴുന്നേറ്റ് ചിരിക്കാന്‍ തുടങ്ങുന്നു.
കരീംക്ക
മൗലവീന്റെ മോള്! ഓളെ നിക്കാഹിനല്ലേ ഇമ്മള് ബിരിയാണി വെക്കാന്‍ പോയെ.

ഫെയ്‌സി
എന്നിട്ട്? എന്തുണ്ടായി?

കരീംക്ക
എന്തുണ്ടാവാനാ?

ഫെയ്‌സി
(ചിരിച്ചുകൊണ്ട്,)
ഇങ്ങളെ ബിരിയാണിയും തിന്ന് ഓര് നിക്കാഹും കയിച്ച് പോയി!
കരീംക്ക ചിരിച്ചുകൊണ്ട് ഫെയ്‌സിയുടെ ചുമലില്‍ തട്ടുന്നു.കരീംക്ക
അനക്ക് ആരോടും മൊഹബത്ത് തോന്നീട്ടില്ലേ?

ഫെയ്‌സി
എനക്ക് അങ്ങനെ ഒരു കുന്തോം ഇല്ല.
കരീംക്ക ചിന്താധീനനായി അവന്റെ മനസ്സ് വായിക്കാനെന്നവണ്ണം അവനെ നോക്കുന്നു. അദ്ദേഹം ഏതോ പാട്ട് മൂളിക്കൊണ്ട് ദഫ് മുട്ടാന്‍ തുടങ്ങുന്നു.
നിലാവില്‍ നുരഞ്ഞ് നൃത്തം വെക്കുന്ന ഓളങ്ങള്‍.
അവര്‍ ചിരിക്കുന്നത് നമുക്ക് ദൂരെ നിന്ന് കേള്‍ക്കാം.
കരീംക്കയുടെ വീട് - രാത്രി.
കരീംക്ക ലൈറ്റണച്ച് ഉറങ്ങാന്‍ തയാറാവുന്നു. ഫെയ്‌സി കണ്ണുകള്‍ തുറന്ന് കിടക്കുകയാണ്.
ഫെയ്‌സി
ഉപ്പുപ്പ ഏതായാലും ആ ഹൂറീന്നെ മനസ്സീന്ന് വിട്ടിട്ടില്ല!
ഒരു സൈലന്റ് ബീറ്റ്.
കരീംക്ക
അടുത്തമുറിയില്‍നിന്ന്,
മോനെ, ഫെയ്‌സീ...

ഫെയ്‌സി
എന്താ ഉപ്പുപ്പാ...

കരീംക്ക
ആ ഹൂറി... അന്റെ ഉമ്മുമ്മയേര്‍ന്ന്.
ഒരു ബീറ്റ്.
ഫെയ്‌സി ആശ്ചര്യത്തോടെ എഴുന്നേറ്റിരിക്കുന്നു.
ഫെയ്‌സി
ണവമ?േ
മുറികള്‍ക്കിടയിലുള്ള ജനാലയിലൂടെ, കരീംക്ക ചിരിച്ചുകൊണ്ട് തിരിഞ്ഞുകിടക്കുന്നത് അവന്‍ കാണുന്നു.
ഫെയ്‌സിയുടെ ശ്രദ്ധ ഭിത്തിയിലെ ഏതാനും ഫോട്ടോകളിലേക്ക് മാറുന്നു. അവന്‍ അതിലൊന്ന് താഴേക്കെടുക്കുന്നു. മീശമുളയ്ക്കുന്ന പ്രായത്തിലുള്ള ഉപ്പുപ്പയും അതിലും പ്രായം കുറഞ്ഞ, കണ്മഷിയിട്ട, പച്ച മാന്‍മിഴികളുള്ള സുന്ദരിയായ പെണ്‍കുട്ടിയും. പുഞ്ചിരിച്ചുകൊണ്ട് തലയാട്ടുന്ന ഫെയ്‌സി, ഉറങ്ങുന്ന ഉപ്പുപ്പയെ അദ്ഭുതത്തോടെ നോക്കുന്നു. ആ വൃദ്ധന്‍ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്.

No comments:

Post a Comment