Friday 15 November 2013

STALIN.....final curtain....

സ്റ്റാലിന്റെ മരണത്തിന് ഒറ്റയ്ക്കു സാക്ഷിയാകാനോ, ഉത്തരവാദിത്വമെടുത്ത് ചികിത്സിക്കാനോ ഒന്നും ഒരാള്‍ക്കും ധൈര്യപ്പെടാനാകാത്ത സാഹചര്യം അന്നവിടെ നിലനില്ക്കുന്നുണ്ടാകണം. തുടര്‍ന്നും ക്രൂഷ്‌ചേവ് അധികാരത്തിലേറുന്നത് ബെറിയയെ കുറ്റമാരോപിച്ച് വെടിവെച്ചു കൊന്നുമാണല്ലോ. റഷ്യന്‍ റൗളറ്റ് പോലെ മരണവുമായുള്ള ചൂതുകളിക്കളമായി അധികാരവൃത്തങ്ങള്‍ മാറിത്തീരുന്ന നില, സോഷ്യലിസ്റ്റ് പോരാട്ടത്തിന്റെ വിജയവേദിയായി പരിഗണിക്കാവുന്നതല്ല. അപരന്റെ കാലൊച്ചയില്‍ സംഗീതത്തേക്കാളേറെ കൊലയാളിയുടെ പതിഞ്ഞ താളം കേള്‍ക്കാന്‍ പരിശീലിച്ച കാതുകള്‍ കൂടുതല്‍ മാനുഷികമാക്കപ്പെട്ട ഇന്ദ്രിയങ്ങളെയും സംവേദനശേഷിയെയുമല്ല വെളിവാക്കുന്നത്.

സ്റ്റാലിന്റെ മരണത്തില്‍ ഐക്യരാഷ്ട്രസഭയുടെ കൊടി പകുതി താഴ്ത്തിക്കെട്ടി. യു.എന്‍. സെക്രട്ടറി, സ്റ്റാലിന്റെ സ്ഥാപകാംഗങ്ങളിലൊരാളെന്ന സ്ഥാനവും, നാസി ആക്രമണത്തിനെതിരായ വിജയത്തില്‍ സ്റ്റാലിന്‍ വഹിച്ച അതിമഹത്തായ പങ്കും എടുത്തുപറയുകയും ചെയ്തു. ഒപ്പം എല്ലാ രാഷ്ട്രങ്ങളിലെയും ദശലക്ഷക്കണക്കിനാളുകള്‍ അദ്ദേഹത്തില്‍ സമാധാനത്തിനുള്ള പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന കാര്യമെടുത്തുപറഞ്ഞു. പോപ്പ് പയസ്സ് പന്ത്രണ്ടാമന്‍ അദ്ദേഹത്തിന്റെ പ്രഭാതമാസ്സില്‍ സ്റ്റാലിന്റെ ആത്മാവിനുവേണ്ടി ദൈവത്തോട് പ്രാര്‍ഥിച്ചു. ചീനയടക്കം കമ്യൂണിസ്റ്റ് രാഷ്ട്രത്തലവന്മാരും പാര്‍ട്ടികളുമെല്ലാം സ്വാഭാവികമായ അനുശോചനസന്ദേശങ്ങളയച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്രു ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചത്: 'മാര്‍ഷല്‍ സ്റ്റാലിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എല്ലാതരം ചിന്തകളും നമ്മുടെ മനസ്സിലേക്ക് വരുന്നു, കഴിഞ്ഞ മുപ്പത്തിയഞ്ചു കൊല്ലത്തെ ചരിത്രദൃശ്യങ്ങള്‍ നമ്മുടെ കണ്‍മുന്നിലൂടെ കടന്നുപോകുന്നു..... ഈ വര്‍ഷങ്ങളിലെ ചരിത്രത്തെ മാര്‍ഷല്‍ സ്റ്റാലിനെക്കാള്‍ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ബാധിക്കുകയും ചെയ്ത മറ്റൊരു വ്യക്തിയുമില്ല' എന്നാണ്. മലങ്കോവിനോടും ബെറിയയോടുമൊപ്പം സ്റ്റാലിന്റെ ചരമയാത്രയെ നയിച്ചവരില്‍ ചൗഎന്‍ലായിയുമുണ്ടായിരുന്നു. സ്വെത്‌ലാനയും വാസ്സിലിയും ചെറുമക്കളുമവരെ അനുഗമിച്ചു. കാന്റര്‍ബറി കത്തീഡ്രലിലെ ഡീന്‍ അദ്ദേഹത്തിന്റെ പള്ളിപ്രസംഗത്തില്‍ പറഞ്ഞത് സ്റ്റാലിന്റെ ഏറ്റവും വലിയ സംഭാവന ശിശുക്കളുടെ വിദ്യാഭ്യാസവും ആരോഗ്യവും സംസ്‌കാരവും വളര്‍ത്താനും പ്രത്യേകിച്ചും കുട്ടികളുടെ സന്തോഷത്തിനുംവേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങളാണെന്നാണ്. പറയാനുള്ള മറ്റെല്ലാ കാര്യങ്ങള്‍ക്കുമുപരി ക്രിസ്തു ഇന്നിവിടെ വന്ന് ഈ ചിത്രം കണ്ടാല്‍ പ്രധാനമായും ഈ വലിയ മാറ്റങ്ങളെപ്രതി ജോസഫ് സ്റ്റാലിനെപ്പറ്റി അദ്ദേഹത്തിനും എന്തെങ്കിലും പറയാനില്ലാതെവരില്ല എന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 'എല്ലാവര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച് ' എന്ന മുദ്രാവാക്യത്തെ അന്നത്തെ പ്രാര്‍ഥനയില്‍ അയാളുള്‍പ്പെടുത്തുകയും ചെയ്തു.

സോവിയറ്റ് ജനങ്ങളുടെ നന്മയ്ക്കും ഭാവിക്കും ഒഴിവാക്കാനാകാത്തത് എന്നുള്ള വിശ്വാസത്തിലാണ് സ്റ്റാലിന്‍ വരുത്തിയ ഭീമമായ തെറ്റുകളടക്കം അദ്ദേഹത്തിന്റെ ചെയ്തികളും എന്നാണ് കടുത്ത വിമര്‍ശകരില്‍ത്തന്നെ പലരും പറഞ്ഞത്. എന്നാല്‍, ചരിത്രത്തിന്റെ വിധിതീര്‍പ്പുകള്‍ മിക്കപ്പോഴും നിസ്സംഗവും ദയാരഹിതമാവുകയും ചെയ്‌തേക്കാം.

ഓരോരുത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച് എന്ന സ്വപ്‌നം അവശേഷിക്കുന്നതുവരെ, സ്റ്റാലിന്റെ പേരും ആ സ്വപ്‌നത്തോടൊപ്പം എല്ലാ നന്മതിന്മകളോടെയും അവശേഷിക്കും എന്നുതന്നെയാകും ചരിത്രം അന്ത്യവിധി പറയുക എന്നു തോന്നുന്നു.
സ്റ്റാലിന്‍ ജീവിച്ചിരുന്ന കാലത്ത്, പ്രത്യേകിച്ച് സ്റ്റാലിന്‍ കടുത്ത തെറ്റുകള്‍ ചെയ്തു എന്ന് താന്‍തന്നെ പറയുന്ന അവസാന പതിനഞ്ചു വര്‍ഷങ്ങള്‍ സ്റ്റാലിന്റെ ഉള്‍വൃത്തത്തിലുണ്ടായിരുന്ന ക്രൂഷ്‌ചേവാണ് മരണാനന്തരം തന്നെക്കാള്‍ എന്തുകൊണ്ടും പാര്‍ട്ടിയില്‍ ഏറെ മുതിര്‍ന്ന നേതൃത്വമായിരുന്ന ബെറിയയുടെ അടക്കം ചോരയുടെ മുകളില്‍ക്കൂടി അധികാരാരൂഢനായശേഷം സ്റ്റാലിനെതിരേ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ രഹസ്യരേഖയുമായി വന്നത്. സോവിയറ്റ് പാര്‍ട്ടിക്കകത്ത് അതിരഹസ്യരേഖയായി ചര്‍ച്ച ചെയ്യുമ്പോള്‍ത്തന്നെ സോവിയറ്റ് യൂണിയന്റെയും സ്റ്റാലിന്റെയും ആജന്മശത്രുവായിരുന്ന അമേരിക്കയിലും അതുവഴി ലോകത്തുമത് പരസ്യചര്‍ച്ചയാവുകയും ചെയ്തിരുന്നു. സോവിയറ്റ് പാര്‍ട്ടി നേതൃത്വത്തിനെങ്കിലും പ്രത്യേകിച്ച് രഹസ്യമൊന്നുമാകാനിടയില്ലാത്ത കാര്യങ്ങള്‍ പരദൂഷണസ്വഭാവത്തിലുള്ള ചില ചേരുവകള്‍ കൂടി ചേര്‍ത്ത് അവതരിപ്പിച്ച ദുഷ്പ്രചരണമായാണ് ക്രൂഷ്‌ചേവിന്റെ റിപ്പോര്‍ട്ട് മാറിയത്. തെറ്റുകളുടെ രാഷ്ട്രീയകാരണങ്ങളെക്കുറിച്ച് ഗൗരവപൂര്‍വമായ അന്വേഷണത്തിനോ ഫലപ്രദമായ തെറ്റുതിരുത്തലിനോ കഴിയുന്ന നിലവാരമുള്ള വ്യക്തിത്വവുമായിരുന്നില്ല ക്രൂഷ്‌ചേവ് എന്നാണ് അദ്ദേഹത്തിന്റെ ചെയ്തികള്‍ കാണിക്കുക.

സ്റ്റാലിന്റെ തെറ്റുകളും വീഴ്ചകളും അതിനെതിരായ പ്രചാരണങ്ങളും അന്താരാഷ്ട്രതലത്തിലടക്കം മുതലെടുത്ത് അവയെയൊരു സൗകര്യമാക്കി മാറ്റി അതിന്റെ മറവില്‍ മറ്റ് ചരിത്രസങ്കീര്‍ണതകളുടെയൊന്നും ഭാരമില്ലാത്ത അധികാരദുഷ്പ്രഭുത്വമായി തുടരുക എന്നതാണ് സ്റ്റാലിനെത്തുടര്‍ന്നു വന്നത്. ഒരുപക്ഷേ, സ്റ്റാലിന്റെ വീഴ്ചകളുടെ ആഴം വര്‍ധിക്കുക, ക്രൂഷ്‌ചേവിന്റെ റിപ്പോര്‍ട്ടിലെ ആര്‍ക്കും മനസ്സിലാക്കാവുന്ന കുറെ കാര്യങ്ങള്‍ വായിക്കുമ്പോഴല്ല, ഇത്രമാത്രം ജീര്‍ണിച്ചതും നിലവാരമില്ലാത്തതുമായ ഒരു നേതൃത്വനിരയിലേക്കാണതിന്റെ പിന്തുടര്‍ച്ചയവശേഷിച്ചത് എന്ന ചരിത്രവസ്തുത തിരിച്ചറിയുമ്പോഴാണ്.

ഈ ക്രൂഷ്‌ചേവ്തന്നെയും തന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ ഇങ്ങനെയെഴുതുന്നു: 'അധ്വാനിക്കുന്ന വര്‍ഗത്തിന്റെ താത്പര്യത്തിന്റെ, അധ്വാനിക്കുന്ന ജനങ്ങളുടെ താത്പര്യത്തിന്റെ, സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും വിജയത്തിന്റെ, താത്പര്യത്തിന്റെ നിലപാടില്‍ നിന്നുകൊണ്ടാണ് സ്റ്റാലിന്‍ ഇതിനെ നോക്കിക്കണ്ടത്. അവയെല്ലാം അധികാരം തലയ്ക്കുപിടിച്ച ഒരു സ്വേച്ഛാധിപതിയുടെ ചെയ്തികളാണെന്ന് നമുക്ക് പറയാന്‍ കഴിയില്ല. പാര്‍ട്ടിയുടെ അധ്വാനിക്കുന്ന ബഹുജനങ്ങളുടെ താത്പര്യത്തിന് വിപ്ലവനേട്ടങ്ങളുടെ സംരക്ഷണത്തിന്റെ പേരില്‍ അതു ചെയ്യേണ്ടതുണ്ടെന്ന് സ്റ്റാലിന്‍ കരുതി. അതില്‍ത്തന്നെയായിരുന്നു അതിന്റെ മുഴുവന്‍ ദുരന്തവും.'

അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താത്പര്യങ്ങളൊന്നും തന്റെ അജന്‍ഡയിലില്ലായിരുന്ന ക്രൂഷ്‌ചേവിന് അര്‍ഹമല്ലാത്ത സ്വന്തം സ്ഥാനത്തിന്റെ ഭാവിയുടെ താത്പര്യാര്‍ഥം സ്റ്റാലിന്റെ വീഴ്ചകള്‍കൂടിമൂലം സോഷ്യലിസമല്ല റഷ്യയില്‍ തുടര്‍ന്നു വിജയിച്ചത് എന്നു പറയാനാകുമായിരുന്നില്ല. എന്നാല്‍, ചരിത്രത്തിന് വിലയിരുത്തേണ്ടിവരിക ലോക സോഷ്യലിസത്തിന്റെ വീഴ്ചകളില്‍ സ്റ്റാലിന്റെ വീഴ്ചകള്‍ ഒരു പ്രധാനപാതയായിത്തീര്‍ന്നു എന്നുതന്നെയാകും.

സ്റ്റാലിന്റെ സമാഹൃതകൃതികളിലൂടെയുള്ളൊരു സഞ്ചാരം കാണിക്കുക മിക്കവാറും അടിയന്തിര-പ്രായോഗിക പ്രശ്‌നങ്ങളുമായും അവയോടു ബന്ധപ്പെട്ട ആശയസമരങ്ങളുമായും ചേര്‍ന്നവയാണതിലെ ലേഖനങ്ങളെന്നാണ്. സി.പി.എസ്.യു.ബി.ചരിത്രം, പഠനസഹായികളായി കണക്കാക്കാവുന്ന വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തെക്കുറിച്ചുള്ളവ തുടങ്ങിയ അപൂര്‍വം സൈദ്ധാന്തികലേഖനങ്ങള്‍ എന്നിവ ഒഴിച്ചാല്‍ ഭാഷാപ്രശ്‌നത്തെക്കുറിച്ചുള്ളൊരു ലേഖനം മാത്രമാണ് സിദ്ധാന്തസംബന്ധിയായി കിട്ടുക.

No comments:

Post a Comment