Friday, 15 November 2013

STALIN ....STALINISM ....A STUDY THEN.... A WIDE VISION

ലെനിനിസത്തിന്റെ അടിസ്ഥാനം, മാര്‍ക്‌സിസവും ദേശീയപ്രശ്‌നവും തുടങ്ങിയവ ലെനിനിസത്തിന്റെ നിര്‍വചനവും സംഗ്രഹവുമോ ലെനിന്റെ കാഴ്ചപ്പാടുകളുടെ വിപുലനമോ ആയി വരും. 'സോവിയറ്റ് യൂണിയനിലെ സോഷ്യലിസത്തിന്റെ സാമ്പത്തികപ്രശ്‌നങ്ങള്‍' തുടങ്ങിയവയെല്ലാം ഇതിനകത്ത് അപ്പപ്പോള്‍ പറഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. 

തുടക്കത്തില്‍ പറഞ്ഞുവെച്ചപോലെ, ശാസ്ത്രത്തിലും ചരിത്രത്തിലുംതത്ത്വചിന്തയിലുമെല്ലാം വിജ്ഞാനവിസ്‌ഫോടനങ്ങള്‍ നടക്കുകയും നരവംശശാസ്ത്രം, മനോവിശ്ലേഷണം തുടങ്ങി പല വിജ്ഞാനശാഖകളും രൂപമെടുക്കുകയോ വളര്‍ച്ച നേടുകയോ ചെയ്ത കാലമാണ് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതി. ഉത്പാദനപ്രക്രിയയിലെ ശാസ്ത്രസാങ്കേതികരംഗത്തടക്കം വലിയ കുതിച്ചുചാട്ടങ്ങള്‍ക്ക് അണിയറ ഒരുക്കങ്ങളായി ഭവിച്ചിട്ടുമുണ്ട്. സ്റ്റാലിന്റെ കൃതികളില്‍ ഇവയൊന്നും ഇടംപിടിക്കുന്നില്ല. മാത്രവുമല്ല, പില്ക്കാലത്ത് പ്രമുഖമായിത്തീര്‍ന്ന സ്ത്രീ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളൊന്നും അദ്ദേഹം തന്റെ കൃതികളിലഭിമുഖീകരിച്ചില്ല.

മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും കാലത്തില്‍നിന്ന് നിരവധി ശാഖോപശാഖകളായി പിരിയുകയും വിവരങ്ങളുടെ കുത്തൊഴുക്കാരംഭിക്കുകയും ചെയ്ത ഇക്കാലത്ത് ഏതെങ്കിലുമൊരു വ്യക്തിക്കു മാത്രമായി സോഷ്യലിസ്റ്റ് നിര്‍മാണത്തിന്റേതടക്കമായ പ്രായോഗികരംഗത്തും സൈദ്ധാന്തികരംഗത്തുമെല്ലാം നടക്കേണ്ട സമരങ്ങളെ ഒറ്റയ്‌ക്കേറ്റെടുത്തു നടത്താനാവുകയുമില്ല. എന്നാല്‍ എല്ലാറ്റിന്റെയും അവസാനവാക്കായി ഒരു പരമോന്നത നേതൃത്വം രൂപമെടുക്കുകയും അഭിപ്രായഭേദങ്ങള്‍ അന്യവര്‍ഗനിലപാടുകളായി മുദ്രയടിക്കപ്പെടാനും ശത്രുതാപരമായി കൈകാര്യം ചെയ്യപ്പെടാനും സാധ്യത അധികമായിരിക്കുകയും ചെയ്യുമ്പോള്‍ വിജ്ഞാനവിരോധിയായ ഒരു സാഹചര്യമാണ് പതുക്കെയെങ്കിലും രൂപമെടുക്കുക. പ്രായോഗികസമീപനങ്ങള്‍ ശാസ്ത്രസാങ്കേതികതയെ ഒരുകണക്കിന് രക്ഷിച്ചിരിക്കാമെങ്കില്‍ത്തന്നെ വിപ്ലവ മാര്‍ക്‌സിസത്തിന് ഗൗരവാവഹമായ ജ്ഞാനസങ്കോചമിതുളവാക്കും. പ്രായോഗികതയ്ക്ക് കൈവരുന്ന അമിതമായ ഊന്നല്‍ ഫലത്തില്‍ മാര്‍ക്‌സിസത്തെത്തന്നെ കാലക്രമേണ ബൂര്‍ഷ്വാപ്രയോഗമാത്രവാദത്തോടടുപ്പിക്കുകയും ചെയ്തിരിക്കണം. സിദ്ധാന്തം വരട്ടുവാദങ്ങളായി കനംവെച്ചുറങ്ങുകയും പ്രയോഗം മുയലിനെപ്പോലെ കുതിച്ചോടാന്‍ ശ്രമിക്കുകയും ആകുമ്പോഴുണ്ടാകുന്ന വൈരുധ്യത്തിന് ആത്യന്തികമായ ചില പരിഹാരത്തിലേക്കു നീങ്ങിയേ മതിയാകുമായിരുന്നുള്ളൂ എന്നാണ് സ്റ്റാലിനും തുടര്‍ന്നുമുള്ള ചരിത്രാനുഭവം പറയുക. സോവിയറ്റ് പതനത്തിലെത്തിച്ച പല കാരണങ്ങളിലൊന്നായി മാത്രമേ ഇതിനെ കാണാന്‍ പാടുള്ളൂ എന്നിവിടെ പറഞ്ഞുവെക്കുകയും വേണം. മാത്രവുമല്ല, ബഹുമുഖങ്ങളായ ഈ കാരണങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കല്ലാതെ പരസ്​പരം കെട്ടുപിണഞ്ഞും ഇണചേര്‍ന്നുമാകും പ്രവര്‍ത്തിച്ചിരിക്കുകയും ചെയ്യുക.

സ്റ്റാലിന്റെ ശരികള്‍ തെറ്റുകളെ അതിവര്‍ത്തിക്കുന്നുണ്ട് എന്നാണ് മാവോയും സി.പി.സിയും വിലയിരുത്തിയത്. ഏതാണ്ട് 70-30 എന്നിങ്ങനെ ഒരു ശതമാനക്കണക്കാണ് സാധാരണയിതില്‍ സി.പി.സി.പറയുക. സ്റ്റാലിന്‍ മനുഷ്യജീവനു വേണ്ടത്ര വിലകല്പിച്ചിട്ടില്ല എന്നും സി.പി.സി. പലതവണ സൂചിപ്പിച്ചിട്ടുണ്ട്. ചീനയില്‍ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം സ്ഥാപിച്ചുകഴിഞ്ഞശേഷം വധശിക്ഷയും അല്ലാതുള്ള കൊലകളുമെല്ലാം പരമാവധി കുറവുമായിരുന്നു. സ്റ്റാലിന്‍ അഭിപ്രായഭേദങ്ങളെ വേണ്ടത്ര മാനിച്ചില്ലെന്ന വിമര്‍ശനത്തോടൊപ്പം ചീനയില്‍ 'നൂറു പുഷ്പങ്ങള്‍ വിരിയട്ടെ' എന്നൊരാലങ്കാരിക ആഹ്വാനംതന്നെ മാവോ നല്കി. തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്‍ കീഴില്‍ വര്‍ഗസമരം തുടരേണ്ടതിന്റെ പ്രാധാന്യത്തെ സ്റ്റാലിന്‍ കുറച്ചുകണ്ടു എന്നും പല സ്ഥലത്തായി സൂചനകളുണ്ട്. സോവിയറ്റ് യൂണിയന്‍ ദേശീയതാത്പര്യങ്ങളെയും അതിനു ചേര്‍ന്ന വിദേശനയത്തെയും മുന്‍നിര്‍ത്തി വേണ്ടത്ര സാര്‍വദേശീയ സാഹോദര്യം പ്രകടിപ്പിച്ചില്ല എന്നും സി.പി.സി-യുടെ വിമര്‍ശനങ്ങളില്‍ ധ്വനികളുണ്ട്. സാര്‍വദേശീയ നേതൃത്വമെന്ന നിലയില്‍ ഇതര പാര്‍ട്ടികളെ വേണ്ടത്ര പരിഗണിക്കാതെയും ജനാധിപത്യപരമായല്ലാതെയും, പെരുമാറി, നയിച്ചു എന്നും ചീനയുടെ വിമര്‍ശനങ്ങളില്‍നിന്ന് കണ്ടെടുക്കാം. സ്റ്റാലിന്റെ കാഴ്ചപ്പാടുകള്‍ വൈരുധ്യവാദപരമെന്നതിലേറെ അതിഭൗതികവാദപരമായിരുന്നു എന്ന നിലയിലാണ് ഇവയ്‌ക്കൊക്കെയുള്ള ദാര്‍ശനികകാരണമായി സി.പി.സി.നോക്കിക്കണ്ടത്.
ചീനയില്‍ മുതലാളിത്ത പാതക്കാര്‍ക്കും ക്രൂഷ്‌ചേവൈറ്റുകള്‍ക്കുമെതിരായി രണ്ട് ലൈന്‍ സമരവും പ്രഖ്യാപിതമായിത്തന്നെ വര്‍ഗസമരത്തിന്റെ പല തുടര്‍ അലകളും നയിക്കുകയുണ്ടായി. പിന്നീട് പുറത്തുവന്ന വസ്തുതകളില്‍നിന്ന് വിവേചനബുദ്ധിയോടെ കണ്ടെടുക്കാവുന്നതും സാംസ്‌കാരികവിപ്ലവത്തിന്റെ കാലത്തുതന്നെ പ്രകടമായതും വര്‍ഗസമരത്തിന്റെ അതിലളിതവത്കരിച്ച ആശയവാദരൂപങ്ങളായത് മിക്കവാറും മാറി എന്നാണ്. കൊലയെക്കുറിച്ചും നേരിട്ടുള്ള ശാരീരികപീഡനങ്ങളെക്കുറിച്ചും കൂടുതല്‍ റിപ്പോര്‍ട്ടുകളൊന്നും വിമര്‍ശകര്‍ക്ക് പറയാനില്ലെങ്കിലും, ലേബര്‍ക്യാമ്പുകളും സാമൂഹിക ബഹിഷ്‌കരണവും മാനസികപീഡനങ്ങളും ജീവിതോപാധികള്‍ വരണ്ടുപോകലുമെല്ലാമടക്കം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമുണ്ടായി. ചെറിയ കുറ്റങ്ങളെ പര്‍വതീകരിക്കുന്നതടക്കം ധാരാളം തെറ്റായ വിധിതീര്‍പ്പുകളും ഇക്കാലത്തുണ്ടായെന്നു കാണണം. എന്നാല്‍ ഇതിനെക്കാളെല്ലാം പ്രധാനം മാവോയുടെ മരണദിവസംതന്നെ കൊട്ടാരവിപ്ലവം വഴി ചീനയിലെ പ്രഖ്യാപിത മുതലാളിത്തപാതക്കാരുടെ കൈകളിലേക്ക് അധികാരം ചെന്നെത്തുന്നതിനുള്ള വഴി തുറന്നു എന്നതാണ്. നൂറു പുഷ്പങ്ങള്‍ വിരിയിച്ചപ്പോഴും ഫലത്തിലത് ഏകമായ വിപ്ലവപുഷ്പത്തിന് ഭാവിയില്‍ അപകടമാകാനിടയുള്ള കാണാതെ കിടന്ന കളവിത്തുകളെ മുളപ്പിച്ച് പറിച്ചുകളയാനുള്ള വ്യത്യസ്തമാര്‍ഗം മാത്രമായി എന്നും വേണമെങ്കില്‍ വിലയിരുത്താനായേക്കും. സങ്കുചിത ദേശീയതയുടെ കാര്യത്തിലടക്കം മാവോയുടെ കാലത്തുതന്നെ ചീന വിമര്‍ശനവുമേറ്റുവാങ്ങി. പകരം 'ചീനയുടെ ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍' എന്നു കാണുന്നിടത്തേക്ക് ഇന്ത്യയിലേതടക്കമുള്ള എം.എല്‍.പാര്‍ട്ടികള്‍ ചെന്നെത്താവുന്ന വിധം സാര്‍വദേശീയതയെ ചൈനീസ് ദേശീയതയുടെതന്നെ ഒരപരമാക്കിയെന്നും പറയാനാകും. 

ചീനയും മാവോയും സി.പി.സിയുമല്ല ഇവിടെ വിഷയമെന്നിരിക്കിലും, ആനുഷംഗികം മാത്രമായി ഇവെയഴുതുന്നതിനു കാരണം, സ്റ്റാലിന്റെ തെറ്റുകളെ ഗൗരവാവഹമായി തീര്‍ത്തും വ്യത്യസ്തമെന്ന് തോന്നിച്ചൊരു വഴിയില്‍ പരിഹരിക്കാന്‍ ശ്രമിച്ച സി.പി.സിക്കും ലോക സോഷ്യലിസത്തിന്റെ മൗലികമായ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാനായില്ല എന്നു ചൂണ്ടിക്കാണിക്കുകയാണ്. ചൈനയ്ക്കു പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കകത്തും നവീന ഇടതുപക്ഷത്തിന്റെ പല വകഭേദങ്ങളുമായി കെട്ടുപിണഞ്ഞ ചില ആശയവാദധാരകളുടെ ബഹിര്‍പ്രകടനമാകാനേ അതിന് കഴിഞ്ഞുള്ളൂ എന്നാണ് തോന്നുക.

പിന്നീട് സ്റ്റാലിന്റെ ഉറച്ച അനുയായിയായി അവസാനംവരെ ഏകനായി തുടര്‍ന്ന ചെറിയ അല്‍ബേനിയയും സോവിയറ്റ് കിഴക്കന്‍ യൂറോപ്യന്‍ തകര്‍ച്ചകളുടെ സാഹചര്യത്തില്‍ സോഷ്യലിസമുപേക്ഷിച്ചു.രക്തപ്പകകളടക്കം വ്യാപകമായിരുന്ന പഴയ ആചാരങ്ങള്‍ തുടര്‍ന്നവിടെ പുനര്‍ജനിച്ചതായും പറയുന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളുടെയും സാമൂഹികജീവിതത്തിലുണ്ടായ മതമൗലികവാദപരം പോലുമായ തിരിച്ചുള്ള പരിവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ കളികളെക്കുറിച്ച് ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതുമാണ്. 
ഉദ്യോഗസ്ഥമേധാവിത്വത്തിന്റെ മനുഷ്യരൂപം എന്നാണ് ട്രോട്‌സ്‌കി സ്റ്റാലിനെക്കുറിച്ച് പറയുക. സ്റ്റാലിന്റെ കുടുംബപശ്ചാത്തലംവരെ പരോക്ഷമായി സൂചിപ്പിക്കുന്ന വിമര്‍ശനങ്ങള്‍ ഈ പട്ടികയില്‍ വരും; സ്റ്റാലിന്റെ പിതാവിനെപ്പോലുള്ളവരെ കണ്ടാണ് ചെരുപ്പുകുത്തികളുടെ കുടിയെക്കുറിച്ചുള്ള പഴഞ്ചൊല്ലുണ്ടായത് എന്നുവരെ. കടലുപോലെ വ്യാപകമായ ട്രോട്‌സ്‌കിയൈറ്റ് സ്റ്റാലിന്‍ വിമര്‍ശനങ്ങള്‍ മിക്കവാറും വ്യക്തിവിദ്വേഷംകൊണ്ടു മലീമസവും വിമര്‍ശകരുടെതന്നെ താഴ്ന്ന മാനസികനിലവാരം വെളിപ്പെടുത്തുന്നവയുമാണ്.

പടിഞ്ഞാറന്‍ മാര്‍ക്‌സിസത്തിന്റെ ബൗദ്ധികകേന്ദ്രങ്ങളില്‍ പ്രധാനമായ ഫ്രാങ്ക് ഫര്‍ട്ട് സ്‌കൂളിന്റെ മുന്‍ഗാമിയായി ഗണിക്കുന്ന മാര്‍ക്‌സിസ്റ്റ് ചിന്തകനും, ഹംഗേറിയന്‍ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഗ്വോര്‍ഗിലൂക്കാച്ച് 1933 മുതല്‍ രണ്ടാംലോകയുദ്ധത്തിന്റെ അവസാനംവരെ റഷ്യയിലാണു ജീവിച്ചത്. സ്റ്റാലിന്റെ നിലപാടുകളില്‍നിന്ന് ഏറെ വ്യത്യസ്തമായ മാര്‍ക്‌സിസ്റ്റ് നിലപാടുകള്‍ ഏതാണ്ട് എല്ലാ രംഗത്തും വെച്ചുപുലര്‍ത്തിയ അദ്ദേഹം അവസാനംവരെ സോവിയറ്റ്, ഹംഗേറിയന്‍ പാര്‍ട്ടികള്‍ക്കെതിരേ പ്രത്യക്ഷമായി രംഗത്തുവരാതിരുന്നത് ഒത്തുതീര്‍പ്പുകളുടെ ഭാഗമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പ്രഗല്ഭനായ ഒരു നയജ്ഞന്‍ ആയിരുന്ന സ്റ്റാലിന്‍ ദൗര്‍ഭാഗ്യവശാല്‍ മാര്‍ക്‌സിസ്റ്റായിരുന്നില്ല എന്നവിധം ശക്തമായ നിലപാടും അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. താത്കാലിക അടവുകളെ തന്ത്രപരമായ ദീര്‍ഘവീക്ഷണത്തിനു പകരം വെക്കുകയും സിദ്ധാന്തത്തിനു മുകളില്‍ പ്രയോഗത്തെ സ്ഥാപിക്കുകയും ചെയ്യുന്നതിലാണ് സ്റ്റാലിനിസത്തിന്റെ സത്തയെന്ന് അദ്ദേഹം പറയുന്നു. സ്റ്റാലിനിസത്തില്‍നിന്നുദ്ഭൂതമായ ഉദ്യോഗസ്ഥമേധാവിത്വം അതിനിഷ്ഠുരമായിരുന്നെന്നും പറയും. എന്നാല്‍ സമൂഹത്തെയും അതിന്റെ ചലനഗതികളെയും കുറിച്ചുള്ള ഒരു യഥാര്‍ഥ പൊതുസിദ്ധാന്തത്തെ കൂടാതെ ഒരാള്‍ക്ക് സ്റ്റാലിനിസത്തില്‍നിന്ന് പുറത്തുകടക്കാനാവില്ല എന്ന അദ്ദേഹത്തിന്റെ തിരിച്ചറിവാണ് കൂടുതല്‍ പ്രധാനം. ലൂക്കാച്ച് പറയുന്നത് സ്റ്റാലിന്റെ ജനാധിപത്യ കാഴ്ചപ്പാടുകള്‍ ട്രോട്‌സ്‌കിയുടെതുമായി തന്ത്രപരമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നാണ്. വിജയിച്ചത് ട്രോട്‌സ്‌കി ആയിരുന്നെങ്കില്‍ അതും സ്റ്റാലിനോളംതന്നെ ജനാധിപത്യവിരുദ്ധവും എന്നാലതേസമയം കീഴടങ്ങലുകളിലേക്ക് നീങ്ങുന്നതുമാകുമായിരുന്നു എന്നാണദ്ദേഹത്തിന്റെ അഭിപ്രായം. ട്രോട്‌സ്‌കിയുമായുള്ള പരിചയം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത് വ്യക്തിപ്രഭാവത്തെ അയാള്‍ സ്റ്റാലിനെക്കാള്‍ ഇഷ്ടപ്പെട്ടിരുന്നു എന്നുമാണ്. ഫാസിസം ഏറ്റവും വലിയ വിഷയമായിരുന്ന ലൂക്കാച്ചിനെപ്പോലുള്ളവര്‍ക്ക് ലോകം രണ്ടായിത്തിരിഞ്ഞ് അഭിമുഖം നിന്ന കാലത്ത് വിമര്‍ശനങ്ങളൊതുക്കി സോവിയറ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കാനേ ആകുമായിരുന്നുള്ളൂ എന്ന ചരിത്രസാഹചര്യമാണ് പ്രധാനം. മാര്‍ക്‌സിസ്റ്റ് സാഹിത്യപ്രതിഭ എന്ന നിലയില്‍ എക്കാലത്തെയും വലിയവരിലൊരാളായിരുന്ന ബ്രെഹ്തിന്റെയും നിലപാടുകളില്‍ ഇതു കാണാം. 1956-ല്‍ സോവിയറ്റ് യൂണിയനില്‍ പോയി സ്റ്റാലിന്‍ പ്രൈസ് സ്വീകരിച്ച അദ്ദേഹത്തിനും ഫാസിസവുമായുള്ള തിരഞ്ഞെടുപ്പില്‍ വിമര്‍ശനങ്ങളെന്തുണ്ടായാലും സ്റ്റാലിനൊപ്പമല്ലാതെ നില്ക്കാനാകുമായിരുന്നില്ല.

ഒരുപക്ഷേ, പടിഞ്ഞാറിന്റെ തകര്‍ച്ചമൂലം ഈ (സോവിയറ്റ്) നിഷ്ഠുരമായ പരീക്ഷണാത്മകവ്യവസ്ഥപോലും പടിഞ്ഞാറിനെക്കാള്‍ മെച്ചമായി പ്രവര്‍ത്തിക്കും എന്ന വ്യാമോഹം ഞങ്ങള്‍ക്കുണ്ടായിരുന്നു എന്നു പില്ക്കാലത്ത് പറഞ്ഞ വിഖ്യാത ചരിത്രകാരനായ എറിക് ഹോബ്‌സ്‌ബോമുമായുള്ള 1994-ലെ ഒരഭിമുഖം ഇത് കൂടുതല്‍ നന്നായി വ്യക്തമാക്കും. ഈ വൈകിയ കാലത്തും അദ്ദേഹത്തിനെങ്ങനെയാണ് തന്റെ കമ്യൂണിസത്തെ ന്യായീകരിക്കാനാകുന്നത് എന്നദ്ദേഹത്തോട് ചോദിച്ചു. 

ഹോബ്‌സ്‌ബോം: നിങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ഒന്നുകില്‍ നിങ്ങള്‍ക്കൊരു ഭാവിയുണ്ടാകും. അല്ലെങ്കില്‍ നിങ്ങള്‍ക്കൊരു ഭാവിയേ ഉണ്ടാകാന്‍ പോകുന്നില്ല. ഇതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് സ്വീകാര്യമായ ഒരു ഭാവി നിങ്ങള്‍ക്കു മുന്‍പില്‍ വെച്ചത.്
ഇഗ്‌നാടീഫ്: 1934-ല്‍ സോവിയറ്റ് പരീക്ഷണത്തില്‍ ലക്ഷങ്ങള്‍ മരിക്കുകയായിരുന്നു. നിങ്ങളത് അറിഞ്ഞിരുന്നുവെങ്കില്‍, ആ സമയത്ത് നിങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമായിരുന്നോ? നിങ്ങളുടെ പ്രതിജ്ഞാബദ്ധതയ്ക്ക്? ഒരു കമ്യൂണിസ്റ്റായിരുന്നതില്‍?
ഹോബ്‌സ്‌ബോം: ~ഒരു ഉത്തരം എളുപ്പം സാധ്യമല്ലാത്ത ഒരക്കാദമിക് ചോദ്യം പോലെയാണിത്. ഞാനെഴുതിയ ചരിത്രത്തില്‍ ഇതിനെന്തെങ്കിലും കാര്യമുണ്ടോ എന്നെനിക്കറിയില്ല. ഒരു ചരിത്രകാരന്റേതല്ലാത്ത, മുന്‍കാല പ്രാബല്യമുള്ള ഒരുത്തരം നിങ്ങള്‍ക്ക് ഞാന്‍ തരേണ്ടിവരികയാണെങ്കില്‍ അങ്ങനെയുണ്ടാകാനിടയില്ല എന്നാകും ഞാന്‍ പറഞ്ഞേക്കുക.

ഇഗ്‌നാടീഫ്: എന്തുകൊണ്ട്?
ഹോബ്‌സ്: കാരണം, നിങ്ങള്‍ക്ക് ചിന്തിച്ചുനോക്കാവുന്നപോലെ കൂട്ടക്കൊലകളും കൂട്ടദുരിതങ്ങളും തികച്ചും സാര്‍വത്രികമായിരുന്ന ഒരു കാലത്ത് മഹാദുരിതങ്ങളില്‍നിന്ന് ഒരു പുതിയ ലോകം ജനിക്കാനുള്ള സാധ്യത അപ്പോഴും പിന്തുണയര്‍ഹിക്കുന്ന ഒന്നായിരുന്നു. എന്നാലിപ്പോള്‍ ഒരു ചരിത്രകാരനെന്ന നിലയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ റഷ്യന്‍ജനത അനുഷ്ഠിച്ച ത്യാഗങ്ങള്‍ പാര്‍ശ്വഫലങ്ങളേ തന്നുള്ളൂ എന്നു തോന്നുന്നു എന്ന് ഞാന്‍ പറയും. ത്യാഗങ്ങള്‍ വളരെ കൂടുതലായിരുന്നു, ഏതൊരു മാനദണ്ഡംവെച്ചും അത് വളരെയധികമായിരുന്നു. പക്ഷേ, ഞാനിപ്പോള്‍ തിരിഞ്ഞുനോക്കി പറയുന്നത് സോവിയറ്റ് യൂണിയന്‍ ലോകവിപ്ലവത്തിന്റെ തുടക്കമല്ലാത്ത നിലയിലേക്ക് മാറി എന്നാണ്. അങ്ങനെത്തന്നെയാണോ? എനിക്കുറപ്പില്ല.

ഇഗ്‌നാടീഫ്: നാളെ യഥാര്‍ഥമായും സൃഷ്ടിക്കപ്പെടാന്‍ പോകുന്ന സാഹചര്യം പതിനഞ്ച്, ഇരുപത് ദശലക്ഷം മനുഷ്യരുടെ നഷ്ടം ന്യായീകരിക്കപ്പെടാവുന്നത് അതാക്കിയേക്കുമെന്നാണോ പറയുന്നത്.
ഹോബ്‌സ്‌ബോം: അതെ.

(സ്റ്റാലിനും സ്റ്റാലിനിസവും എന്ന പുസ്തകത്തില്‍ നിന്ന്)

STALIN.....final curtain....

സ്റ്റാലിന്റെ മരണത്തിന് ഒറ്റയ്ക്കു സാക്ഷിയാകാനോ, ഉത്തരവാദിത്വമെടുത്ത് ചികിത്സിക്കാനോ ഒന്നും ഒരാള്‍ക്കും ധൈര്യപ്പെടാനാകാത്ത സാഹചര്യം അന്നവിടെ നിലനില്ക്കുന്നുണ്ടാകണം. തുടര്‍ന്നും ക്രൂഷ്‌ചേവ് അധികാരത്തിലേറുന്നത് ബെറിയയെ കുറ്റമാരോപിച്ച് വെടിവെച്ചു കൊന്നുമാണല്ലോ. റഷ്യന്‍ റൗളറ്റ് പോലെ മരണവുമായുള്ള ചൂതുകളിക്കളമായി അധികാരവൃത്തങ്ങള്‍ മാറിത്തീരുന്ന നില, സോഷ്യലിസ്റ്റ് പോരാട്ടത്തിന്റെ വിജയവേദിയായി പരിഗണിക്കാവുന്നതല്ല. അപരന്റെ കാലൊച്ചയില്‍ സംഗീതത്തേക്കാളേറെ കൊലയാളിയുടെ പതിഞ്ഞ താളം കേള്‍ക്കാന്‍ പരിശീലിച്ച കാതുകള്‍ കൂടുതല്‍ മാനുഷികമാക്കപ്പെട്ട ഇന്ദ്രിയങ്ങളെയും സംവേദനശേഷിയെയുമല്ല വെളിവാക്കുന്നത്.

സ്റ്റാലിന്റെ മരണത്തില്‍ ഐക്യരാഷ്ട്രസഭയുടെ കൊടി പകുതി താഴ്ത്തിക്കെട്ടി. യു.എന്‍. സെക്രട്ടറി, സ്റ്റാലിന്റെ സ്ഥാപകാംഗങ്ങളിലൊരാളെന്ന സ്ഥാനവും, നാസി ആക്രമണത്തിനെതിരായ വിജയത്തില്‍ സ്റ്റാലിന്‍ വഹിച്ച അതിമഹത്തായ പങ്കും എടുത്തുപറയുകയും ചെയ്തു. ഒപ്പം എല്ലാ രാഷ്ട്രങ്ങളിലെയും ദശലക്ഷക്കണക്കിനാളുകള്‍ അദ്ദേഹത്തില്‍ സമാധാനത്തിനുള്ള പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന കാര്യമെടുത്തുപറഞ്ഞു. പോപ്പ് പയസ്സ് പന്ത്രണ്ടാമന്‍ അദ്ദേഹത്തിന്റെ പ്രഭാതമാസ്സില്‍ സ്റ്റാലിന്റെ ആത്മാവിനുവേണ്ടി ദൈവത്തോട് പ്രാര്‍ഥിച്ചു. ചീനയടക്കം കമ്യൂണിസ്റ്റ് രാഷ്ട്രത്തലവന്മാരും പാര്‍ട്ടികളുമെല്ലാം സ്വാഭാവികമായ അനുശോചനസന്ദേശങ്ങളയച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്രു ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചത്: 'മാര്‍ഷല്‍ സ്റ്റാലിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എല്ലാതരം ചിന്തകളും നമ്മുടെ മനസ്സിലേക്ക് വരുന്നു, കഴിഞ്ഞ മുപ്പത്തിയഞ്ചു കൊല്ലത്തെ ചരിത്രദൃശ്യങ്ങള്‍ നമ്മുടെ കണ്‍മുന്നിലൂടെ കടന്നുപോകുന്നു..... ഈ വര്‍ഷങ്ങളിലെ ചരിത്രത്തെ മാര്‍ഷല്‍ സ്റ്റാലിനെക്കാള്‍ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ബാധിക്കുകയും ചെയ്ത മറ്റൊരു വ്യക്തിയുമില്ല' എന്നാണ്. മലങ്കോവിനോടും ബെറിയയോടുമൊപ്പം സ്റ്റാലിന്റെ ചരമയാത്രയെ നയിച്ചവരില്‍ ചൗഎന്‍ലായിയുമുണ്ടായിരുന്നു. സ്വെത്‌ലാനയും വാസ്സിലിയും ചെറുമക്കളുമവരെ അനുഗമിച്ചു. കാന്റര്‍ബറി കത്തീഡ്രലിലെ ഡീന്‍ അദ്ദേഹത്തിന്റെ പള്ളിപ്രസംഗത്തില്‍ പറഞ്ഞത് സ്റ്റാലിന്റെ ഏറ്റവും വലിയ സംഭാവന ശിശുക്കളുടെ വിദ്യാഭ്യാസവും ആരോഗ്യവും സംസ്‌കാരവും വളര്‍ത്താനും പ്രത്യേകിച്ചും കുട്ടികളുടെ സന്തോഷത്തിനുംവേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങളാണെന്നാണ്. പറയാനുള്ള മറ്റെല്ലാ കാര്യങ്ങള്‍ക്കുമുപരി ക്രിസ്തു ഇന്നിവിടെ വന്ന് ഈ ചിത്രം കണ്ടാല്‍ പ്രധാനമായും ഈ വലിയ മാറ്റങ്ങളെപ്രതി ജോസഫ് സ്റ്റാലിനെപ്പറ്റി അദ്ദേഹത്തിനും എന്തെങ്കിലും പറയാനില്ലാതെവരില്ല എന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 'എല്ലാവര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച് ' എന്ന മുദ്രാവാക്യത്തെ അന്നത്തെ പ്രാര്‍ഥനയില്‍ അയാളുള്‍പ്പെടുത്തുകയും ചെയ്തു.

സോവിയറ്റ് ജനങ്ങളുടെ നന്മയ്ക്കും ഭാവിക്കും ഒഴിവാക്കാനാകാത്തത് എന്നുള്ള വിശ്വാസത്തിലാണ് സ്റ്റാലിന്‍ വരുത്തിയ ഭീമമായ തെറ്റുകളടക്കം അദ്ദേഹത്തിന്റെ ചെയ്തികളും എന്നാണ് കടുത്ത വിമര്‍ശകരില്‍ത്തന്നെ പലരും പറഞ്ഞത്. എന്നാല്‍, ചരിത്രത്തിന്റെ വിധിതീര്‍പ്പുകള്‍ മിക്കപ്പോഴും നിസ്സംഗവും ദയാരഹിതമാവുകയും ചെയ്‌തേക്കാം.

ഓരോരുത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച് എന്ന സ്വപ്‌നം അവശേഷിക്കുന്നതുവരെ, സ്റ്റാലിന്റെ പേരും ആ സ്വപ്‌നത്തോടൊപ്പം എല്ലാ നന്മതിന്മകളോടെയും അവശേഷിക്കും എന്നുതന്നെയാകും ചരിത്രം അന്ത്യവിധി പറയുക എന്നു തോന്നുന്നു.
സ്റ്റാലിന്‍ ജീവിച്ചിരുന്ന കാലത്ത്, പ്രത്യേകിച്ച് സ്റ്റാലിന്‍ കടുത്ത തെറ്റുകള്‍ ചെയ്തു എന്ന് താന്‍തന്നെ പറയുന്ന അവസാന പതിനഞ്ചു വര്‍ഷങ്ങള്‍ സ്റ്റാലിന്റെ ഉള്‍വൃത്തത്തിലുണ്ടായിരുന്ന ക്രൂഷ്‌ചേവാണ് മരണാനന്തരം തന്നെക്കാള്‍ എന്തുകൊണ്ടും പാര്‍ട്ടിയില്‍ ഏറെ മുതിര്‍ന്ന നേതൃത്വമായിരുന്ന ബെറിയയുടെ അടക്കം ചോരയുടെ മുകളില്‍ക്കൂടി അധികാരാരൂഢനായശേഷം സ്റ്റാലിനെതിരേ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ രഹസ്യരേഖയുമായി വന്നത്. സോവിയറ്റ് പാര്‍ട്ടിക്കകത്ത് അതിരഹസ്യരേഖയായി ചര്‍ച്ച ചെയ്യുമ്പോള്‍ത്തന്നെ സോവിയറ്റ് യൂണിയന്റെയും സ്റ്റാലിന്റെയും ആജന്മശത്രുവായിരുന്ന അമേരിക്കയിലും അതുവഴി ലോകത്തുമത് പരസ്യചര്‍ച്ചയാവുകയും ചെയ്തിരുന്നു. സോവിയറ്റ് പാര്‍ട്ടി നേതൃത്വത്തിനെങ്കിലും പ്രത്യേകിച്ച് രഹസ്യമൊന്നുമാകാനിടയില്ലാത്ത കാര്യങ്ങള്‍ പരദൂഷണസ്വഭാവത്തിലുള്ള ചില ചേരുവകള്‍ കൂടി ചേര്‍ത്ത് അവതരിപ്പിച്ച ദുഷ്പ്രചരണമായാണ് ക്രൂഷ്‌ചേവിന്റെ റിപ്പോര്‍ട്ട് മാറിയത്. തെറ്റുകളുടെ രാഷ്ട്രീയകാരണങ്ങളെക്കുറിച്ച് ഗൗരവപൂര്‍വമായ അന്വേഷണത്തിനോ ഫലപ്രദമായ തെറ്റുതിരുത്തലിനോ കഴിയുന്ന നിലവാരമുള്ള വ്യക്തിത്വവുമായിരുന്നില്ല ക്രൂഷ്‌ചേവ് എന്നാണ് അദ്ദേഹത്തിന്റെ ചെയ്തികള്‍ കാണിക്കുക.

സ്റ്റാലിന്റെ തെറ്റുകളും വീഴ്ചകളും അതിനെതിരായ പ്രചാരണങ്ങളും അന്താരാഷ്ട്രതലത്തിലടക്കം മുതലെടുത്ത് അവയെയൊരു സൗകര്യമാക്കി മാറ്റി അതിന്റെ മറവില്‍ മറ്റ് ചരിത്രസങ്കീര്‍ണതകളുടെയൊന്നും ഭാരമില്ലാത്ത അധികാരദുഷ്പ്രഭുത്വമായി തുടരുക എന്നതാണ് സ്റ്റാലിനെത്തുടര്‍ന്നു വന്നത്. ഒരുപക്ഷേ, സ്റ്റാലിന്റെ വീഴ്ചകളുടെ ആഴം വര്‍ധിക്കുക, ക്രൂഷ്‌ചേവിന്റെ റിപ്പോര്‍ട്ടിലെ ആര്‍ക്കും മനസ്സിലാക്കാവുന്ന കുറെ കാര്യങ്ങള്‍ വായിക്കുമ്പോഴല്ല, ഇത്രമാത്രം ജീര്‍ണിച്ചതും നിലവാരമില്ലാത്തതുമായ ഒരു നേതൃത്വനിരയിലേക്കാണതിന്റെ പിന്തുടര്‍ച്ചയവശേഷിച്ചത് എന്ന ചരിത്രവസ്തുത തിരിച്ചറിയുമ്പോഴാണ്.

ഈ ക്രൂഷ്‌ചേവ്തന്നെയും തന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ ഇങ്ങനെയെഴുതുന്നു: 'അധ്വാനിക്കുന്ന വര്‍ഗത്തിന്റെ താത്പര്യത്തിന്റെ, അധ്വാനിക്കുന്ന ജനങ്ങളുടെ താത്പര്യത്തിന്റെ, സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും വിജയത്തിന്റെ, താത്പര്യത്തിന്റെ നിലപാടില്‍ നിന്നുകൊണ്ടാണ് സ്റ്റാലിന്‍ ഇതിനെ നോക്കിക്കണ്ടത്. അവയെല്ലാം അധികാരം തലയ്ക്കുപിടിച്ച ഒരു സ്വേച്ഛാധിപതിയുടെ ചെയ്തികളാണെന്ന് നമുക്ക് പറയാന്‍ കഴിയില്ല. പാര്‍ട്ടിയുടെ അധ്വാനിക്കുന്ന ബഹുജനങ്ങളുടെ താത്പര്യത്തിന് വിപ്ലവനേട്ടങ്ങളുടെ സംരക്ഷണത്തിന്റെ പേരില്‍ അതു ചെയ്യേണ്ടതുണ്ടെന്ന് സ്റ്റാലിന്‍ കരുതി. അതില്‍ത്തന്നെയായിരുന്നു അതിന്റെ മുഴുവന്‍ ദുരന്തവും.'

അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താത്പര്യങ്ങളൊന്നും തന്റെ അജന്‍ഡയിലില്ലായിരുന്ന ക്രൂഷ്‌ചേവിന് അര്‍ഹമല്ലാത്ത സ്വന്തം സ്ഥാനത്തിന്റെ ഭാവിയുടെ താത്പര്യാര്‍ഥം സ്റ്റാലിന്റെ വീഴ്ചകള്‍കൂടിമൂലം സോഷ്യലിസമല്ല റഷ്യയില്‍ തുടര്‍ന്നു വിജയിച്ചത് എന്നു പറയാനാകുമായിരുന്നില്ല. എന്നാല്‍, ചരിത്രത്തിന് വിലയിരുത്തേണ്ടിവരിക ലോക സോഷ്യലിസത്തിന്റെ വീഴ്ചകളില്‍ സ്റ്റാലിന്റെ വീഴ്ചകള്‍ ഒരു പ്രധാനപാതയായിത്തീര്‍ന്നു എന്നുതന്നെയാകും.

സ്റ്റാലിന്റെ സമാഹൃതകൃതികളിലൂടെയുള്ളൊരു സഞ്ചാരം കാണിക്കുക മിക്കവാറും അടിയന്തിര-പ്രായോഗിക പ്രശ്‌നങ്ങളുമായും അവയോടു ബന്ധപ്പെട്ട ആശയസമരങ്ങളുമായും ചേര്‍ന്നവയാണതിലെ ലേഖനങ്ങളെന്നാണ്. സി.പി.എസ്.യു.ബി.ചരിത്രം, പഠനസഹായികളായി കണക്കാക്കാവുന്ന വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തെക്കുറിച്ചുള്ളവ തുടങ്ങിയ അപൂര്‍വം സൈദ്ധാന്തികലേഖനങ്ങള്‍ എന്നിവ ഒഴിച്ചാല്‍ ഭാഷാപ്രശ്‌നത്തെക്കുറിച്ചുള്ളൊരു ലേഖനം മാത്രമാണ് സിദ്ധാന്തസംബന്ധിയായി കിട്ടുക.

STALIN....................bloody stalinism.....

സ്റ്റാലിന്റെ അവസാനകാലമായിട്ടും റഷ്യയില്‍ ഗൂഢാലോചനകളുടെയും ശിക്ഷകളുടെയും കാലം പൂര്‍ണമായും ഒഴിവായിരുന്നില്ല. ഡോക്ടര്‍മാരുടെ ഗൂഢാലോചന എന്നറിയപ്പെടുന്ന ഒന്നിന്റെ ഫലമായി സ്റ്റാലിന്റെ അടുത്ത അനുയായികളില്‍ ഒരാളും ഒരുപക്ഷേ, അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചതന്നെയുമാകാമായിരുന്ന ഷഡാനോവ് 1948-ല്‍ കൊലചെയ്യപ്പെട്ടു എന്നാണ് കരുതുന്നത്. അമേരിക്കന്‍ ബ്രിട്ടീഷ് ചാരസംഘടനയ്ക്കുവേണ്ടി ഒരുസംഘം ഡോക്ടര്‍മാര്‍ പ്രവര്‍ത്തിച്ചുവെന്നാണ് കണ്ടെത്തിയത്. 

അപ്പോഴേക്കും നേതൃത്വപ്രഭാവത്തിന്റെ അത്യുന്നതങ്ങളിലേക്ക് ഉയര്‍ന്നുകഴിഞ്ഞിരുന്ന സ്റ്റാലിന്‍ വാര്‍ധക്യത്തിന്റെ കൂടി ഭാഗമാകാവുന്ന ഏകാകിതയിലേക്കു നീങ്ങിത്തുടങ്ങിയിരുന്നു. ഷഡാനോവിന്റെ മകനെ വിവാഹം കഴിച്ചിരുന്ന സ്വെത്‌ലാന വിവാഹമോചിതയാവുകയും ചെയ്യുന്നുണ്ട്. സ്റ്റാലിന്റെ കൂടെ താമസിക്കാനുള്ള ക്ഷണം നിരസിച്ച് ഷഡാനോവിന്റെ വീട്ടിലേക്കു പോയതിന് അദ്ദേഹം അവളോടു നേരത്തേ നീരസം പ്രകടിപ്പിക്കുന്നുണ്ട്. പിന്നീട് വിവാഹമോചിതയായ മകള്‍ക്കും കുട്ടികള്‍ക്കും, തന്റെ മൂത്ത മകന്‍ യാക്കോബിന്റെ മകള്‍ക്കും സ്റ്റാലിന്‍ ചെറിയ ചെറിയ സാമ്പത്തികസഹായങ്ങള്‍ ചെയ്തുപോന്നിട്ടുണ്ട്. സ്വെത്‌ലാനയുമായി പല കാര്യങ്ങളിലും വിയോജിക്കുകയും കലഹിക്കുകയുമൊക്കെ ചെയ്യുമ്പോഴും അദ്ദേഹം അവളുടെ സാമീപ്യം ഇഷ്ടപ്പെടുകയും അവളെ ആഴത്തില്‍ സ്‌നേഹിക്കുകയും ചെയ്തിരുന്നു എന്നാണ് സ്വെത്‌ലാന പില്ക്കാലത്ത് സുഹൃത്തിനെഴുതിയ കത്തുകള്‍ തോന്നിക്കുക. 

സ്വെത്‌ലാനയും സ്റ്റാലിനും തമ്മിലുള്ള ഊഷ്മളബന്ധവും മകളെ എങ്ങനെയാണദ്ദേഹം കണ്ടതെന്നും മനസ്സിലാക്കാനുതകുന്ന ഒരു സന്ദര്‍ഭം സ്വെത്‌ലാനയുടെ ഒരു വര്‍ഷം മാത്രം എന്ന പുസ്തകത്തിലുണ്ട്. സ്റ്റാലിന്‍ ചിലപ്പോള്‍ സന്ദര്‍ശകരുള്ളപ്പോള്‍ മകളോടു നൃത്തം ചെയ്യാനാവശ്യപ്പെടുമായിരുന്നു. പലപ്പോഴുമവള്‍ അടുക്കളയിലേക്കോടിപ്പോകുമായിരുന്നു. കുറച്ചുകഴിഞ്ഞ് തിരിച്ചുവരാതിരുന്നാല്‍ സ്റ്റാലിനവരെ തിരിച്ചുവിളിക്കും. പലപ്പോഴുമിങ്ങനെയാവും പറയുക: 'സഖാവ്, ആതിഥേയജ്ഞാനികളല്ലാത്ത ഞങ്ങളെ വഴികാണിച്ചു തരാതെ എന്തിനാണുപേക്ഷിച്ചുപോയത്. എങ്ങോട്ടു പോകണമെന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങളെ നയിച്ചാലും, വഴി കാണിച്ചാലും', അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തില്‍ മാത്രമല്ലാതെ,സ്റ്റാലിന്റെ വ്യക്തിത്വത്തിലേക്കും ഇത് ചില വെളിച്ചങ്ങള്‍ വീഴ്ത്തും. 

വാര്‍ധക്യത്തിന്റെ ഏകാകിതയും, രാത്രി മിക്കവാറും ഉറക്കമിളച്ചും പകലുറങ്ങിയും എല്ലാമുള്ള ശീലങ്ങളുമൊക്കെ ചേര്‍ന്ന് പൊരുത്തപ്പെടാനോ ആശയസംവേദനത്തിനുപോലുമോ വിഷമമാകുംവിധം സ്റ്റാലിന്‍ മാറിത്തുടങ്ങിയതായി സ്വെത്‌ലാന നിരീക്ഷിക്കുന്നു. വലിയ സുരക്ഷാസന്നാഹങ്ങള്‍ സാധാരണ മനുഷ്യരില്‍നിന്ന് കൂടുതലദ്ദേഹത്തെ അകറ്റാനാണ് സഹായിച്ചതെന്നുമവര്‍ പറയുന്നു. 'കൂടുതല്‍ വൃദ്ധനായതോടെ എന്റെ പിതാവ് കൂടുതല്‍ ഏകാന്തനായി മാറി. അദ്ദേഹമിപ്പോള്‍ എല്ലാവരില്‍നിന്നും ഒറ്റപ്പെട്ടുകഴിഞ്ഞിരുന്നു. അത്രമാത്രം ഉന്നതിയിലായിരിക്കേ ഒരു ശൂന്യതയിലാണദ്ദേഹം ജീവിക്കുന്നതെന്നും തോന്നി. അദ്ദേഹത്തിന് സംസാരിക്കാന്‍ ഒരാളുപോലുമുണ്ടായിരുന്നില്ല.' സ്വെത്‌ലാനയ്ക്ക് സ്റ്റാലിനില്‍നിന്ന് കിട്ടിയ അവസാനത്തെ കത്ത് സ്റ്റാലിന്‍ എല്ലാറ്റിനെയും എങ്ങനെ റഷ്യയുടെ താത്പര്യവുമായി ചേര്‍ത്തു മാത്രം ചിന്തിച്ചുവെന്ന് വ്യക്തമാകും. അച്ഛനും മകളും തമ്മിലുണ്ടായിരുന്ന, സ്റ്റാലിനില്‍ ഒരുപക്ഷേ, ഏറെ മൃദുലഭാവങ്ങള്‍ പ്രകടമായിത്തന്നെ കാണുന്ന ബന്ധത്തില്‍വരെയിതുണ്ട്. 'പ്രിയ സ്വെതോക്കാ, നീയിത്ര എളുപ്പം സുഖപ്പെട്ടു എന്നതില്‍ ഞാനേറെ സന്തുഷ്ടനാണ്. കിഡ്‌നി രോഗം ഒരു ഗൗരവമുള്ള കാര്യമാണ്.... ഞാന്‍ നിന്നെ ഉപേക്ഷിച്ചു എന്ന തോന്നല്‍ എങ്ങനെയാണ് നിനക്കുണ്ടായത്? ഇങ്ങനെയാണാളുകള്‍ ഓരോന്നു സങ്കല്പിച്ചെടുക്കുന്നത്. നിന്റെ സ്വപ്‌നങ്ങളെ വിശ്വസിക്കാതിരിക്കാന്‍ ഞാനുപദേശിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കുക, നിന്റെ മകളെ നന്നായി നോക്കണം. സര്‍ക്കാറിനാളുകളെയാവശ്യമുണ്ട്, അവര്‍ ഗര്‍ഭം പൂര്‍ത്തിയാകാതെ പ്രസവിച്ചവരായാലും. കുറച്ചുകൂടി ക്ഷമിക്കുക, അധികം വൈകാതെ നമ്മള്‍ തമ്മില്‍ കാണും. എന്റെ സ്വെതോക്കാ... ഞാന്‍ നിന്നെ ചുംബിക്കുന്നു. നിന്റെ കുഞ്ഞുപപ്പ.'
1952 അവസാനമാണ് സ്വെത്‌ലാന അവസാനമായി സ്റ്റാലിനെ സന്ദര്‍ശിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം അപ്പോഴദ്ദേഹത്തിനുണ്ടായിരുന്നു. അമ്പതു വര്‍ഷമെങ്കിലുമായി സന്തതസഹചാരിയായിരുന്ന പുകയില പൈപ്പും സിഗററ്റുമെല്ലാം പൊടുന്നനേ അദ്ദേഹം നിര്‍ത്തി.
പിന്നീട് അറുപതുകളില്‍ സോവിയറ്റ് യൂണിയന്‍ വിട്ട് അമേരിക്കയിലഭയം തേടി തന്റെ പിതാവിന്റെ ഭരണത്തെ സ്വെത്‌ലാന തള്ളിപ്പറയുന്നുണ്ട്. ഇതിനവരെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്, അവര്‍ക്കും, സ്റ്റാലിനുതന്നെയും വളരെ അടുപ്പമുണ്ടായിരുന്നതായി പറയുന്ന അവരുടെ മാതൃസഹോദരിയടക്കം കുടുംബവൃത്തങ്ങളിലെ പലരും സ്റ്റാലിന്റെ കാലത്ത് അറസ്റ്റു ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട് എന്നതു കൂടിയാണ്. ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്ന സ്റ്റാലിന്റെ ഇളയമകന്‍ വാസിലി പിന്നീട് ഒരു മദ്യപനായി മരിക്കുകയാണുണ്ടായത്.
സംശയവും ഗുഢാലോചനകളും അറസ്റ്റും മരണവും അപ്പോഴും ഉയരങ്ങളിലുള്ളവരുടെയെങ്കിലും സന്തതസഹചാരിയായിത്തന്നെയുണ്ട്. 1928 മുതല്‍ സ്റ്റാലിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായി കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചുപോന്ന അലക്‌സാണ്ടര്‍ ഗ്രോസ്‌ക്രെബൈച്ചേവ് പിരിച്ചുവിടപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തു. ചില രഹസ്യരേഖകള്‍ അദ്ദേഹം തിരിമറി ചെയ്തതായി പറയുന്നു. സ്റ്റാലിന്റെ സുരക്ഷാച്ചുമതലയുടെ ചീഫായി 25 വര്‍ഷമായുണ്ടായിരുന്ന നിക്കോളായ് വഌനിക്ക് 1952 ഡിസംബറില്‍ അറസ്റ്റിലായി. സ്റ്റാലിന്റെ സുരക്ഷാച്ചുമതലയുണ്ടായിരുന്ന മേജര്‍ ജനറല്‍ 1953 ഫിബ്രവരിയില്‍ 'ഹൃദ്രോഗംമൂലം' പെട്ടെന്നു മരിച്ചു. ഇന്ത്യന്‍ അംബാസഡറായിരുന്ന കെ.പി.എസ്.മേനോനാണ് സ്റ്റാലിന്‍ അവസാനമായി സ്വീകരിച്ച വിദേശപ്രതിനിധി. സംഭാഷണമധ്യേ സ്റ്റാലിന്‍ കടലാസില്‍ പെന്‍സില്‍കൊണ്ട് ഒറ്റയ്ക്കും ഇരട്ടയ്ക്കും കൂട്ടായുമെല്ലാം ചെന്നായ്ക്കളെ വരച്ചുകൊണ്ടിരുന്നു. ഇതേക്കുറിച്ച് താത്പര്യമെടുത്ത അംബാസഡറോടദ്ദേഹം പറഞ്ഞു: 'റഷ്യന്‍കര്‍ഷകന്‍ വളരെ ലാളിത്യമുള്ളവനാണെങ്കിലും അറിവുള്ളവനുമാണ്. ചെന്നായ്ക്കള്‍ അവരെ ആക്രമിക്കുമ്പോള്‍ അവരവയെ സദാചാരം പഠിപ്പിക്കാനല്ല, പകരം കൊല്ലാനാണ് ശ്രമിക്കുക. ചെന്നായ്ക്കള്‍ക്കിതറിയുകയും ചെയ്യാമെന്നതുകൊണ്ട് അവ അതിനനുസൃതമായി പെരുമാറുകയും ചെയ്യുന്നു.' അമേരിക്കയെക്കുറിച്ചുള്ള സംഭാഷണമധ്യേയായതുകൊണ്ടിത് സാമ്രാജ്യത്വച്ചെന്നായ്ക്കളെക്കുറിച്ചാകുമെന്നാണ് മേനോന്‍ കരുതിയത്. ഒരുപക്ഷേ, ഇത് വീടിനടുത്തുള്ള ചെന്നായ്ക്കളെക്കുറിച്ചുകൂടിയാകുമോ എന്നു പിന്നീടദ്ദേഹം ചിന്തിക്കുന്നുണ്ട്.
1953 ഫിബ്രവരി 28. തന്റെ പതിവുസന്ദര്‍ശകരായിരുന്ന ബെറിയ, മലങ്കോവ്, ക്രൂഷ്‌ചേവ്, ബുള്‍ഗാനിന്‍ എന്നിവരോടൊപ്പമദ്ദേഹം കാലത്ത് 4 മണിവരെ ചെലവഴിച്ചു. പരിചാരകര്‍ യജമാനന്റെ ആജ്ഞപ്രകാരം മജാരി എന്ന വീഞ്ഞ് വീണ്ടും നല്കി. സ്റ്റാലിനതിനെ ജ്യൂസ് എന്നാണു വിളിക്കുക. ഒടുവില്‍ സന്ദര്‍ശകര്‍ പിരിഞ്ഞ് പതിവു ജോലിക്കാരന്‍ വാതിലടച്ചു. 

എനിക്കിനിയൊന്നും ആവശ്യമില്ലെന്നുപറഞ്ഞ് അദ്ദേഹം അവരെയെല്ലാം ഉറങ്ങാന്‍ പറഞ്ഞയച്ചു.വീര്യം കൂടിയ മദ്യമൊന്നുമില്ലാതെ വെറും വീഞ്ഞുമാത്രമായിരുന്നു അന്നെന്ന് ജോലിക്കാരനോര്‍ക്കുന്നു. സ്റ്റാലിന്‍ അസ്വസ്ഥനായാണ് ഉറങ്ങാന്‍ പോയത്. പക്ഷേ, അടുത്ത ദിവസം ഞായറാഴ്ച അദ്ദേഹം പതിവുപോലെ ഉണര്‍ന്നില്ല. ഉച്ചയ്ക്ക് ഒരു മണിയായിട്ടും ഉണരാതിരുന്നപ്പോള്‍ ജോലിക്കാരന്‍ ഭയന്നുതുടങ്ങി. പക്ഷേ, ഒച്ചയനക്കമൊന്നുമില്ലെങ്കില്‍ അകത്തുചെല്ലരുതെന്നും എങ്കില്‍ കഠിനമായി ശിക്ഷിക്കുമെന്നും അദ്ദേഹം പതിവായി പറയാറുണ്ട്. രാത്രി പത്തുമണിയായിട്ടും തമ്മില്‍ ചര്‍ച്ചചെയ്തും ആരും അകത്തുകടക്കാന്‍ ഭയന്നുമവര്‍ കഴിച്ചുകൂട്ടി. 

ഒടുവില്‍ യാദൃച്ഛികമായി വന്ന കേന്ദ്ര കമ്മിറ്റിയുടെ ഒരു മെയില്‍ സൗകര്യമായെടുത്ത് ഒരാള്‍ അകത്തു കടന്നു. ചെറിയ ഭക്ഷണമുറിയുടെ തറയില്‍ വീണുകിടക്കുന്ന യജമാനനെയാണയാള്‍ കണ്ടത്. അപ്പോഴും അദ്ദേഹത്തിനു ബോധമുണ്ടായിരുന്നു. അയാളോടിച്ചെന്ന് സഖാവ് സ്റ്റാലിന്‍ എന്താണ് കുഴപ്പം എന്നു ചോദിച്ചതിനു കിട്ടിയ മറുപടി പക്ഷേ, അവ്യക്തമായ ഞരക്കങ്ങള്‍ മാത്രമായിരുന്നു. മേശപ്പുറത്തെ മിനറല്‍ വാട്ടര്‍ എടുക്കാന്‍ കൈനീട്ടിയപ്പോഴാകണമദ്ദേഹം വീണത്. വീണ്ടുമദ്ദേഹം കൂര്‍ക്കംവലിച്ചുറക്കത്തിലായി. ഓടിവന്ന മറ്റുള്ളവരും ചേര്‍ന്ന് അദ്ദേഹത്തെ സോഫയില്‍ കിടത്തി.

ഉടനെ ഉത്തരവാദപ്പെട്ടവര്‍ക്ക് ഫോണ്‍കോളുകള്‍ പോയി. കെ.ജി.ബി.തലവന്‍ അങ്ങേത്തലയ്ക്കല്‍ ഞെട്ടി, ബെറിയയെയും മലങ്കോവിനെയും ബന്ധപ്പെടാനവരോടു പറഞ്ഞു. ഒടുവിലവര്‍ക്ക് മലങ്കോവിനെ കിട്ടി. അയാള്‍ക്ക് ബെറിയയെ ഫോണിലൂടെ കിട്ടിയില്ല. ഒടുവില്‍ ബെറിയയുടെ ഫോണ്‍ വന്നു. സ്റ്റാലിന്റെ രോഗത്തെപ്പറ്റി ആരോടും ഒന്നും പറയരുത് എന്നു പറയുകയല്ലാതെ മണിക്കൂറുകള്‍ കഴിഞ്ഞും ആരും രോഗിയുടെ അടുത്തെത്തിയില്ല; പരിചാരകരൊഴിച്ച്.

ഒടുവില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് മലങ്കോവും ബെറിയയും ഒരുമിച്ച് കാറിലെത്തി. സ്റ്റാലിനെ നോക്കി ബെറിയ പറഞ്ഞു, 'നിങ്ങളെന്തിനാണിങ്ങനെ പേടിക്കുന്നത്. അദ്ദേഹം നല്ല ഉറക്കത്തിലാണ്.' അവരദ്ദേഹത്തോട് ഉണ്ടായത് പറഞ്ഞു. വെറുതേ ഞങ്ങളെക്കൂടി പേടിപ്പിക്കരുത്, സഖാവ് സ്റ്റാലിനെ ശല്യം ചെയ്യരുതെന്നുകൂടി പറഞ്ഞവര്‍ പോയി. എട്ടുമണിക്ക് ക്രൂഷ്‌ചേവ് എത്തി. എന്നിട്ടും ഒമ്പതരയോടെയാണ് ഡോക്ടര്‍മാരെത്തിയത്. പേടിച്ച് കൈവിറച്ചുകൊണ്ടാണദ്ദേഹത്തെ അവര്‍ പരിശോധിച്ചത്. തലച്ചോറില്‍ ഞരമ്പു പൊട്ടിയതാണെന്ന നിഗമനത്തിലാണവരെത്തിയത്. അപ്പോഴേക്കും ആളുകളെത്തിത്തുടങ്ങിയിരുന്നു.

ഇടയ്ക്ക് സ്വെത്‌ലാന സ്റ്റാലിനെ വിളിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സ്റ്റാലിനെ ടെലിഫോണിലവിടെ കിട്ടുക എളുപ്പമായിരുന്നില്ല. ആദ്യം ഗാര്‍ഡ്‌പോസ്റ്റില്‍ വിളിക്കണം. തുടര്‍ന്നൊരാള്‍ ചെന്ന് സ്റ്റാലിന്റെ മുറിയില്‍ അനക്കമുണ്ടോയെന്ന് നോക്കണം, ഇല്ലെങ്കില്‍ അദ്ദേഹം ഉറങ്ങുകയോ വായിക്കുകയോ നിശ്ശബ്ദമായി എന്തെങ്കിലും എഴുതുകയോ ആകും. എങ്കില്‍ ശല്യം ചെയ്യരുത്. ഇത്തവണയും സ്വെത്‌ലാനയ്ക്കു കിട്ടിയ മറുപടി അനക്കമില്ല എന്നാണ്.

തിങ്കളാഴ്ച രാവിലെ സ്വെത്‌ലാനയെ അക്കാദമിയിലെ ക്ലാസ്മുറിയില്‍നിന്ന് മലങ്കോവ് വിളിച്ചുവരുത്തി. ക്രൂഷ്‌ചേവും ബുള്‍ഗാനിനും അവരെ പിതാവിനടുത്തേക്കു നയിച്ചു. ഡോക്ടര്‍മാരും ഉപകരണങ്ങളും നേതാക്കളുമെല്ലാമായവിടം തിരക്കായിരുന്നു. സ്വെത്‌ലാന അച്ഛനെ ചുംബിച്ച് കൈപിടിച്ചുകൊണ്ടിരുന്നു. സഹോദരന്‍ വാസ്സിലിയെയും വിളിച്ചുവരുത്തിയിരുന്നു. അയാള്‍ ഡോക്ടര്‍മാരെ ഉച്ചത്തില്‍ ശപിച്ചു. അവരച്ഛനെ കൊല്ലുകയാണെന്നവന്‍ അലറി വിളിച്ചു.

സ്റ്റാലിന്റെ രോഗവാര്‍ത്ത റേഡിയോയിലൂടെയും ഉച്ചഭാഷിണിയിലൂടെയും രാജ്യം മുഴുവനെത്തി. ഒടുവില്‍ 1953 മാര്‍ച്ച് 3ന് മക്കളുടെയും ബന്ധുക്കളുടെയും പ്രസീഡിയം അംഗങ്ങളുടെയുമെല്ലാം സാന്നിധ്യത്തില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. തന്റെതന്നെ നേതൃത്വത്തില്‍ രൂപമെടുത്ത ഔപചാരികക്രമങ്ങളെയും, പരസ്​പരസംശയങ്ങളെയും ഭയാശങ്കകളെയും നിസ്സഹായരായ വേലക്കാരെയും മാത്രം മണിക്കൂറുകളോളം സാക്ഷിയാക്കി ഒരു ഡോക്ടര്‍പോലും പരിശോധിക്കാനില്ലാതെ കിടന്ന് ഒടുവില്‍ മരണം ആഘോഷമാക്കി അദ്ദേഹം ചരിത്രത്തോടു വിടപറഞ്ഞു. ഒരുപക്ഷേ, കൃത്യസമയത്ത് വൈദ്യപരിചരണം കിട്ടിയാലും രേഖപ്പെടുത്തപ്പെട്ടപോലെ തലച്ചച്ചോറില്‍ രക്തസ്രാവമായിരുന്നുവെങ്കില്‍ അദ്ദേഹത്തെ രക്ഷിക്കാനന്ന് കഴിയുമായിരുന്നുമില്ല. സ്റ്റാലിനപ്പോള്‍ 75-ാമത്തെ വയസ്സായിരുന്നു.

സ്റ്റാലിന്റെ മരണം ആസൂത്രിതമായ കൊലപാതകമായിരുന്നു എന്നതരം പ്രചരണങ്ങളുണ്ട്. അവസാനകാലംവരെ സ്റ്റാലിനെ പ്രതിരോധിച്ച പാര്‍ട്ടിയും നേതാവുമാണ് അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും അന്‍വര്‍ ഹോജയും. മാവോയ്ക്കുണ്ടായിരുന്ന വിമര്‍ശനങ്ങള്‍പോലും ക്രൂവ്‌ഷേവിനെതിരേ ചീനയോടൊപ്പം നില്ക്കുമ്പോഴും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. സ്റ്റാലിന്റെ മരണം കൊലപാതകമായിരുന്നുവെന്നാണ് അന്‍വര്‍ ഹോജയുടെ പക്ഷം. ഇതിനദ്ദേഹം ക്രൂഷ്‌ചേവിന്റെ അടുത്ത സഹകാരിയായിരുന്ന മിഖോയന്‍, അന്‍വര്‍ ഹോജയോട് നേരിട്ട് പറഞ്ഞതിങ്ങനെ സാക്ഷിയാക്കുന്നു. അല്‍ബേനിയന്‍ നേതാക്കളായിരുന്ന അന്‍വര്‍ ഹോജയോടും മെഹ്മ്മദ് ഷെഹുവിനോടും മിഖോയന്‍ പറഞ്ഞത്, ക്രൂഷ്‌ചേവിനോടൊപ്പം അവര്‍ സ്റ്റാലിനെ കൊല്ലാനാലോചിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീടിത് ഉപേക്ഷിച്ചുവെന്നുമാണ്. ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയും ഹംഗേറിയന്‍ നേതാവ് ഇമ്രിനാഗിയെ അന്താരാഷ്ട്രമര്യാദകളൊന്നും പാലിക്കാതെ റുമാനിയയില്‍ കൊണ്ടുപോയി സ്വകാര്യമായി വധിക്കുകയും ചെയ്തവരും മാഫിയാസംഘത്തെപ്പോലെ പ്രവര്‍ത്തിക്കുന്നവരുമാണ് ക്രൂഷ്‌ചേവ് സംഘമെന്നും ഹോജ പറയുന്നു. പരസ്യവിചാരണകളിലൂടെ മാത്രം വധശിക്ഷ നടപ്പാക്കിയ സ്റ്റാലിന്‍ ഒരിക്കലും അവരെപ്പോലെയായിരുന്നില്ലെന്നും യൂഗോസ്ലാവിയയെപ്പോലെ അഭിപ്രായഭേദങ്ങള്‍ മൂര്‍ച്ഛിച്ചപ്പോഴും വിദേശരാജ്യങ്ങളെ ആക്രമിക്കുന്ന കാര്യം സ്റ്റാലിന്‍ ചിന്തിക്കുകപോലും ചെയ്തിരുന്നില്ലെന്നും ഹോജ പറയും. താനൊന്ന് വിരലനക്കിയാല്‍ ടിറ്റോ അധികാരത്തിലുണ്ടാവില്ല എന്നു സ്റ്റാലിന്‍ പറഞ്ഞതായി പരാമര്‍ശിച്ചു കണ്ടിട്ടുണ്ടെങ്കിലും സ്റ്റാലിനൊരിക്കലും അന്താരാഷ്ട്ര മര്യാദകള്‍ ലംഘിച്ച് ഒരട്ടിമറിക്ക് ശ്രമിച്ചതായി സൂചനകളൊന്നുമില്ലെന്നും ഇതോടൊപ്പം ചേര്‍ക്കണം. ന്യായാന്യായത്തെക്കാളേറെ സാര്‍വദേശീയ കമ്യൂണിസ്റ്റ് നേതാക്കളായിരുന്നവര്‍ക്കിടയിലെ ബന്ധങ്ങളുടെ സ്വഭാവവും ജീര്‍ണതയുമാണ് ഹോജയുടെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുക. 

സ്റ്റാലിന്റെ മരണത്തെക്കുറിച്ചുള്ള പരിചാരകന്റെ ഓര്‍മക്കുറിപ്പുകള്‍ പ്രത്യക്ഷത്തില്‍ത്തന്നെ അത്രമാത്രം അശ്രദ്ധയും അവഗണനയും അടിയന്തിര വൈദ്യസഹായമെത്തിക്കുന്നതിലടക്കം അദ്ദഹവുമായടുത്ത നേതൃത്വം അശ്രദ്ധ കാട്ടിയിരുന്നു എന്നാണു തോന്നിക്കുക. ഒരുപക്ഷേ, സ്റ്റാലിന്റെ ആസന്നമരണാവസ്ഥയുണ്ടാക്കുന്ന ദുഃഖത്തെക്കാളും അദ്ദേഹത്തോടുള്ള സ്‌നേഹത്തെക്കാളും ഏറെ, തങ്ങളുടെ കടമകളും തലതെറിച്ചേക്കുമോ എന്നുവരെയുള്ള ഭയാശങ്കകളുമാണ് ഈ കുറിപ്പിലും കൂടുതലായി കാണുക. സ്റ്റാലിന്റെ പിന്തുടര്‍ച്ചക്കാരന്‍വരെയാകാവുന്ന ഷഡാനോവിന്റെ മരണത്തില്‍വരെ ഡോക്ടര്‍മാരുടെ ഗൂഢാലോചന കണ്ടെത്തിയ സാഹചര്യവും മനോനിലയുമാണിതില്‍ പ്രധാനമെന്നു തോന്നുന്നു.....will be continue on my next