ലെനിനിസത്തിന്റെ അടിസ്ഥാനം, മാര്‍ക്‌സിസവും ദേശീയപ്രശ്‌നവും തുടങ്ങിയവ ലെനിനിസത്തിന്റെ നിര്‍വചനവും സംഗ്രഹവുമോ ലെനിന്റെ കാഴ്ചപ്പാടുകളുടെ വിപുലനമോ ആയി വരും. 'സോവിയറ്റ് യൂണിയനിലെ സോഷ്യലിസത്തിന്റെ സാമ്പത്തികപ്രശ്‌നങ്ങള്‍' തുടങ്ങിയവയെല്ലാം ഇതിനകത്ത് അപ്പപ്പോള്‍ പറഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്.
തുടക്കത്തില്‍ പറഞ്ഞുവെച്ചപോലെ, ശാസ്ത്രത്തിലും ചരിത്രത്തിലുംതത്ത്വചിന്തയിലുമെല്ലാം വിജ്ഞാനവിസ്‌ഫോടനങ്ങള്‍ നടക്കുകയും നരവംശശാസ്ത്രം, മനോവിശ്ലേഷണം തുടങ്ങി പല വിജ്ഞാനശാഖകളും രൂപമെടുക്കുകയോ വളര്‍ച്ച നേടുകയോ ചെയ്ത കാലമാണ് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതി. ഉത്പാദനപ്രക്രിയയിലെ ശാസ്ത്രസാങ്കേതികരംഗത്തടക്കം വലിയ കുതിച്ചുചാട്ടങ്ങള്‍ക്ക് അണിയറ ഒരുക്കങ്ങളായി ഭവിച്ചിട്ടുമുണ്ട്. സ്റ്റാലിന്റെ കൃതികളില്‍ ഇവയൊന്നും ഇടംപിടിക്കുന്നില്ല. മാത്രവുമല്ല, പില്ക്കാലത്ത് പ്രമുഖമായിത്തീര്‍ന്ന സ്ത്രീ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളൊന്നും അദ്ദേഹം തന്റെ കൃതികളിലഭിമുഖീകരിച്ചില്ല.
മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും കാലത്തില്‍നിന്ന് നിരവധി ശാഖോപശാഖകളായി പിരിയുകയും വിവരങ്ങളുടെ കുത്തൊഴുക്കാരംഭിക്കുകയും ചെയ്ത ഇക്കാലത്ത് ഏതെങ്കിലുമൊരു വ്യക്തിക്കു മാത്രമായി സോഷ്യലിസ്റ്റ് നിര്‍മാണത്തിന്റേതടക്കമായ പ്രായോഗികരംഗത്തും സൈദ്ധാന്തികരംഗത്തുമെല്ലാം നടക്കേണ്ട സമരങ്ങളെ ഒറ്റയ്‌ക്കേറ്റെടുത്തു നടത്താനാവുകയുമില്ല. എന്നാല്‍ എല്ലാറ്റിന്റെയും അവസാനവാക്കായി ഒരു പരമോന്നത നേതൃത്വം രൂപമെടുക്കുകയും അഭിപ്രായഭേദങ്ങള്‍ അന്യവര്‍ഗനിലപാടുകളായി മുദ്രയടിക്കപ്പെടാനും ശത്രുതാപരമായി കൈകാര്യം ചെയ്യപ്പെടാനും സാധ്യത അധികമായിരിക്കുകയും ചെയ്യുമ്പോള്‍ വിജ്ഞാനവിരോധിയായ ഒരു സാഹചര്യമാണ് പതുക്കെയെങ്കിലും രൂപമെടുക്കുക. പ്രായോഗികസമീപനങ്ങള്‍ ശാസ്ത്രസാങ്കേതികതയെ ഒരുകണക്കിന് രക്ഷിച്ചിരിക്കാമെങ്കില്‍ത്തന്നെ വിപ്ലവ മാര്‍ക്‌സിസത്തിന് ഗൗരവാവഹമായ ജ്ഞാനസങ്കോചമിതുളവാക്കും. പ്രായോഗികതയ്ക്ക് കൈവരുന്ന അമിതമായ ഊന്നല്‍ ഫലത്തില്‍ മാര്‍ക്‌സിസത്തെത്തന്നെ കാലക്രമേണ ബൂര്‍ഷ്വാപ്രയോഗമാത്രവാദത്തോടടുപ്പിക്കുകയും ചെയ്തിരിക്കണം. സിദ്ധാന്തം വരട്ടുവാദങ്ങളായി കനംവെച്ചുറങ്ങുകയും പ്രയോഗം മുയലിനെപ്പോലെ കുതിച്ചോടാന്‍ ശ്രമിക്കുകയും ആകുമ്പോഴുണ്ടാകുന്ന വൈരുധ്യത്തിന് ആത്യന്തികമായ ചില പരിഹാരത്തിലേക്കു നീങ്ങിയേ മതിയാകുമായിരുന്നുള്ളൂ എന്നാണ് സ്റ്റാലിനും തുടര്‍ന്നുമുള്ള ചരിത്രാനുഭവം പറയുക. സോവിയറ്റ് പതനത്തിലെത്തിച്ച പല കാരണങ്ങളിലൊന്നായി മാത്രമേ ഇതിനെ കാണാന്‍ പാടുള്ളൂ എന്നിവിടെ പറഞ്ഞുവെക്കുകയും വേണം. മാത്രവുമല്ല, ബഹുമുഖങ്ങളായ ഈ കാരണങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കല്ലാതെ പരസ്പരം കെട്ടുപിണഞ്ഞും ഇണചേര്‍ന്നുമാകും പ്രവര്‍ത്തിച്ചിരിക്കുകയും ചെയ്യുക.
സ്റ്റാലിന്റെ ശരികള്‍ തെറ്റുകളെ അതിവര്‍ത്തിക്കുന്നുണ്ട് എന്നാണ് മാവോയും സി.പി.സിയും വിലയിരുത്തിയത്. ഏതാണ്ട് 70-30 എന്നിങ്ങനെ ഒരു ശതമാനക്കണക്കാണ് സാധാരണയിതില്‍ സി.പി.സി.പറയുക. സ്റ്റാലിന്‍ മനുഷ്യജീവനു വേണ്ടത്ര വിലകല്പിച്ചിട്ടില്ല എന്നും സി.പി.സി. പലതവണ സൂചിപ്പിച്ചിട്ടുണ്ട്. ചീനയില്‍ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം സ്ഥാപിച്ചുകഴിഞ്ഞശേഷം വധശിക്ഷയും അല്ലാതുള്ള കൊലകളുമെല്ലാം പരമാവധി കുറവുമായിരുന്നു. സ്റ്റാലിന്‍ അഭിപ്രായഭേദങ്ങളെ വേണ്ടത്ര മാനിച്ചില്ലെന്ന വിമര്‍ശനത്തോടൊപ്പം ചീനയില്‍ 'നൂറു പുഷ്പങ്ങള്‍ വിരിയട്ടെ' എന്നൊരാലങ്കാരിക ആഹ്വാനംതന്നെ മാവോ നല്കി. തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്‍ കീഴില്‍ വര്‍ഗസമരം തുടരേണ്ടതിന്റെ പ്രാധാന്യത്തെ സ്റ്റാലിന്‍ കുറച്ചുകണ്ടു എന്നും പല സ്ഥലത്തായി സൂചനകളുണ്ട്. സോവിയറ്റ് യൂണിയന്‍ ദേശീയതാത്പര്യങ്ങളെയും അതിനു ചേര്‍ന്ന വിദേശനയത്തെയും മുന്‍നിര്‍ത്തി വേണ്ടത്ര സാര്‍വദേശീയ സാഹോദര്യം പ്രകടിപ്പിച്ചില്ല എന്നും സി.പി.സി-യുടെ വിമര്‍ശനങ്ങളില്‍ ധ്വനികളുണ്ട്. സാര്‍വദേശീയ നേതൃത്വമെന്ന നിലയില്‍ ഇതര പാര്‍ട്ടികളെ വേണ്ടത്ര പരിഗണിക്കാതെയും ജനാധിപത്യപരമായല്ലാതെയും, പെരുമാറി, നയിച്ചു എന്നും ചീനയുടെ വിമര്‍ശനങ്ങളില്‍നിന്ന് കണ്ടെടുക്കാം. സ്റ്റാലിന്റെ കാഴ്ചപ്പാടുകള്‍ വൈരുധ്യവാദപരമെന്നതിലേറെ അതിഭൗതികവാദപരമായിരുന്നു എന്ന നിലയിലാണ് ഇവയ്‌ക്കൊക്കെയുള്ള ദാര്‍ശനികകാരണമായി സി.പി.സി.നോക്കിക്കണ്ടത്.
ചീനയില്‍ മുതലാളിത്ത പാതക്കാര്‍ക്കും ക്രൂഷ്‌ചേവൈറ്റുകള്‍ക്കുമെതിരായി രണ്ട് ലൈന്‍ സമരവും പ്രഖ്യാപിതമായിത്തന്നെ വര്‍ഗസമരത്തിന്റെ പല തുടര്‍ അലകളും നയിക്കുകയുണ്ടായി. പിന്നീട് പുറത്തുവന്ന വസ്തുതകളില്‍നിന്ന് വിവേചനബുദ്ധിയോടെ കണ്ടെടുക്കാവുന്നതും സാംസ്‌കാരികവിപ്ലവത്തിന്റെ കാലത്തുതന്നെ പ്രകടമായതും വര്‍ഗസമരത്തിന്റെ അതിലളിതവത്കരിച്ച ആശയവാദരൂപങ്ങളായത് മിക്കവാറും മാറി എന്നാണ്. കൊലയെക്കുറിച്ചും നേരിട്ടുള്ള ശാരീരികപീഡനങ്ങളെക്കുറിച്ചും കൂടുതല്‍ റിപ്പോര്‍ട്ടുകളൊന്നും വിമര്‍ശകര്‍ക്ക് പറയാനില്ലെങ്കിലും, ലേബര്‍ക്യാമ്പുകളും സാമൂഹിക ബഹിഷ്‌കരണവും മാനസികപീഡനങ്ങളും ജീവിതോപാധികള്‍ വരണ്ടുപോകലുമെല്ലാമടക്കം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമുണ്ടായി. ചെറിയ കുറ്റങ്ങളെ പര്‍വതീകരിക്കുന്നതടക്കം ധാരാളം തെറ്റായ വിധിതീര്‍പ്പുകളും ഇക്കാലത്തുണ്ടായെന്നു കാണണം. എന്നാല്‍ ഇതിനെക്കാളെല്ലാം പ്രധാനം മാവോയുടെ മരണദിവസംതന്നെ കൊട്ടാരവിപ്ലവം വഴി ചീനയിലെ പ്രഖ്യാപിത മുതലാളിത്തപാതക്കാരുടെ കൈകളിലേക്ക് അധികാരം ചെന്നെത്തുന്നതിനുള്ള വഴി തുറന്നു എന്നതാണ്. നൂറു പുഷ്പങ്ങള്‍ വിരിയിച്ചപ്പോഴും ഫലത്തിലത് ഏകമായ വിപ്ലവപുഷ്പത്തിന് ഭാവിയില്‍ അപകടമാകാനിടയുള്ള കാണാതെ കിടന്ന കളവിത്തുകളെ മുളപ്പിച്ച് പറിച്ചുകളയാനുള്ള വ്യത്യസ്തമാര്‍ഗം മാത്രമായി എന്നും വേണമെങ്കില്‍ വിലയിരുത്താനായേക്കും. സങ്കുചിത ദേശീയതയുടെ കാര്യത്തിലടക്കം മാവോയുടെ കാലത്തുതന്നെ ചീന വിമര്‍ശനവുമേറ്റുവാങ്ങി. പകരം 'ചീനയുടെ ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍' എന്നു കാണുന്നിടത്തേക്ക് ഇന്ത്യയിലേതടക്കമുള്ള എം.എല്‍.പാര്‍ട്ടികള്‍ ചെന്നെത്താവുന്ന വിധം സാര്‍വദേശീയതയെ ചൈനീസ് ദേശീയതയുടെതന്നെ ഒരപരമാക്കിയെന്നും പറയാനാകും.
ചീനയും മാവോയും സി.പി.സിയുമല്ല ഇവിടെ വിഷയമെന്നിരിക്കിലും, ആനുഷംഗികം മാത്രമായി ഇവെയഴുതുന്നതിനു കാരണം, സ്റ്റാലിന്റെ തെറ്റുകളെ ഗൗരവാവഹമായി തീര്‍ത്തും വ്യത്യസ്തമെന്ന് തോന്നിച്ചൊരു വഴിയില്‍ പരിഹരിക്കാന്‍ ശ്രമിച്ച സി.പി.സിക്കും ലോക സോഷ്യലിസത്തിന്റെ മൗലികമായ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാനായില്ല എന്നു ചൂണ്ടിക്കാണിക്കുകയാണ്. ചൈനയ്ക്കു പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കകത്തും നവീന ഇടതുപക്ഷത്തിന്റെ പല വകഭേദങ്ങളുമായി കെട്ടുപിണഞ്ഞ ചില ആശയവാദധാരകളുടെ ബഹിര്‍പ്രകടനമാകാനേ അതിന് കഴിഞ്ഞുള്ളൂ എന്നാണ് തോന്നുക.
പിന്നീട് സ്റ്റാലിന്റെ ഉറച്ച അനുയായിയായി അവസാനംവരെ ഏകനായി തുടര്‍ന്ന ചെറിയ അല്‍ബേനിയയും സോവിയറ്റ് കിഴക്കന്‍ യൂറോപ്യന്‍ തകര്‍ച്ചകളുടെ സാഹചര്യത്തില്‍ സോഷ്യലിസമുപേക്ഷിച്ചു.രക്തപ്പകകളടക്കം വ്യാപകമായിരുന്ന പഴയ ആചാരങ്ങള്‍ തുടര്‍ന്നവിടെ പുനര്‍ജനിച്ചതായും പറയുന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളുടെയും സാമൂഹികജീവിതത്തിലുണ്ടായ മതമൗലികവാദപരം പോലുമായ തിരിച്ചുള്ള പരിവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ കളികളെക്കുറിച്ച് ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതുമാണ്.
ഉദ്യോഗസ്ഥമേധാവിത്വത്തിന്റെ മനുഷ്യരൂപം എന്നാണ് ട്രോട്‌സ്‌കി സ്റ്റാലിനെക്കുറിച്ച് പറയുക. സ്റ്റാലിന്റെ കുടുംബപശ്ചാത്തലംവരെ പരോക്ഷമായി സൂചിപ്പിക്കുന്ന വിമര്‍ശനങ്ങള്‍ ഈ പട്ടികയില്‍ വരും; സ്റ്റാലിന്റെ പിതാവിനെപ്പോലുള്ളവരെ കണ്ടാണ് ചെരുപ്പുകുത്തികളുടെ കുടിയെക്കുറിച്ചുള്ള പഴഞ്ചൊല്ലുണ്ടായത് എന്നുവരെ. കടലുപോലെ വ്യാപകമായ ട്രോട്‌സ്‌കിയൈറ്റ് സ്റ്റാലിന്‍ വിമര്‍ശനങ്ങള്‍ മിക്കവാറും വ്യക്തിവിദ്വേഷംകൊണ്ടു മലീമസവും വിമര്‍ശകരുടെതന്നെ താഴ്ന്ന മാനസികനിലവാരം വെളിപ്പെടുത്തുന്നവയുമാണ്.
പടിഞ്ഞാറന്‍ മാര്‍ക്‌സിസത്തിന്റെ ബൗദ്ധികകേന്ദ്രങ്ങളില്‍ പ്രധാനമായ ഫ്രാങ്ക് ഫര്‍ട്ട് സ്‌കൂളിന്റെ മുന്‍ഗാമിയായി ഗണിക്കുന്ന മാര്‍ക്‌സിസ്റ്റ് ചിന്തകനും, ഹംഗേറിയന്‍ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഗ്വോര്‍ഗിലൂക്കാച്ച് 1933 മുതല്‍ രണ്ടാംലോകയുദ്ധത്തിന്റെ അവസാനംവരെ റഷ്യയിലാണു ജീവിച്ചത്. സ്റ്റാലിന്റെ നിലപാടുകളില്‍നിന്ന് ഏറെ വ്യത്യസ്തമായ മാര്‍ക്‌സിസ്റ്റ് നിലപാടുകള്‍ ഏതാണ്ട് എല്ലാ രംഗത്തും വെച്ചുപുലര്‍ത്തിയ അദ്ദേഹം അവസാനംവരെ സോവിയറ്റ്, ഹംഗേറിയന്‍ പാര്‍ട്ടികള്‍ക്കെതിരേ പ്രത്യക്ഷമായി രംഗത്തുവരാതിരുന്നത് ഒത്തുതീര്‍പ്പുകളുടെ ഭാഗമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പ്രഗല്ഭനായ ഒരു നയജ്ഞന്‍ ആയിരുന്ന സ്റ്റാലിന്‍ ദൗര്‍ഭാഗ്യവശാല്‍ മാര്‍ക്‌സിസ്റ്റായിരുന്നില്ല എന്നവിധം ശക്തമായ നിലപാടും അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. താത്കാലിക അടവുകളെ തന്ത്രപരമായ ദീര്‍ഘവീക്ഷണത്തിനു പകരം വെക്കുകയും സിദ്ധാന്തത്തിനു മുകളില്‍ പ്രയോഗത്തെ സ്ഥാപിക്കുകയും ചെയ്യുന്നതിലാണ് സ്റ്റാലിനിസത്തിന്റെ സത്തയെന്ന് അദ്ദേഹം പറയുന്നു. സ്റ്റാലിനിസത്തില്‍നിന്നുദ്ഭൂതമായ ഉദ്യോഗസ്ഥമേധാവിത്വം അതിനിഷ്ഠുരമായിരുന്നെന്നും പറയും. എന്നാല്‍ സമൂഹത്തെയും അതിന്റെ ചലനഗതികളെയും കുറിച്ചുള്ള ഒരു യഥാര്‍ഥ പൊതുസിദ്ധാന്തത്തെ കൂടാതെ ഒരാള്‍ക്ക് സ്റ്റാലിനിസത്തില്‍നിന്ന് പുറത്തുകടക്കാനാവില്ല എന്ന അദ്ദേഹത്തിന്റെ തിരിച്ചറിവാണ് കൂടുതല്‍ പ്രധാനം. ലൂക്കാച്ച് പറയുന്നത് സ്റ്റാലിന്റെ ജനാധിപത്യ കാഴ്ചപ്പാടുകള്‍ ട്രോട്‌സ്‌കിയുടെതുമായി തന്ത്രപരമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നാണ്. വിജയിച്ചത് ട്രോട്‌സ്‌കി ആയിരുന്നെങ്കില്‍ അതും സ്റ്റാലിനോളംതന്നെ ജനാധിപത്യവിരുദ്ധവും എന്നാലതേസമയം കീഴടങ്ങലുകളിലേക്ക് നീങ്ങുന്നതുമാകുമായിരുന്നു എന്നാണദ്ദേഹത്തിന്റെ അഭിപ്രായം. ട്രോട്‌സ്‌കിയുമായുള്ള പരിചയം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത് വ്യക്തിപ്രഭാവത്തെ അയാള്‍ സ്റ്റാലിനെക്കാള്‍ ഇഷ്ടപ്പെട്ടിരുന്നു എന്നുമാണ്. ഫാസിസം ഏറ്റവും വലിയ വിഷയമായിരുന്ന ലൂക്കാച്ചിനെപ്പോലുള്ളവര്‍ക്ക് ലോകം രണ്ടായിത്തിരിഞ്ഞ് അഭിമുഖം നിന്ന കാലത്ത് വിമര്‍ശനങ്ങളൊതുക്കി സോവിയറ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കാനേ ആകുമായിരുന്നുള്ളൂ എന്ന ചരിത്രസാഹചര്യമാണ് പ്രധാനം. മാര്‍ക്‌സിസ്റ്റ് സാഹിത്യപ്രതിഭ എന്ന നിലയില്‍ എക്കാലത്തെയും വലിയവരിലൊരാളായിരുന്ന ബ്രെഹ്തിന്റെയും നിലപാടുകളില്‍ ഇതു കാണാം. 1956-ല്‍ സോവിയറ്റ് യൂണിയനില്‍ പോയി സ്റ്റാലിന്‍ പ്രൈസ് സ്വീകരിച്ച അദ്ദേഹത്തിനും ഫാസിസവുമായുള്ള തിരഞ്ഞെടുപ്പില്‍ വിമര്‍ശനങ്ങളെന്തുണ്ടായാലും സ്റ്റാലിനൊപ്പമല്ലാതെ നില്ക്കാനാകുമായിരുന്നില്ല.
ഒരുപക്ഷേ, പടിഞ്ഞാറിന്റെ തകര്‍ച്ചമൂലം ഈ (സോവിയറ്റ്) നിഷ്ഠുരമായ പരീക്ഷണാത്മകവ്യവസ്ഥപോലും പടിഞ്ഞാറിനെക്കാള്‍ മെച്ചമായി പ്രവര്‍ത്തിക്കും എന്ന വ്യാമോഹം ഞങ്ങള്‍ക്കുണ്ടായിരുന്നു എന്നു പില്ക്കാലത്ത് പറഞ്ഞ വിഖ്യാത ചരിത്രകാരനായ എറിക് ഹോബ്‌സ്‌ബോമുമായുള്ള 1994-ലെ ഒരഭിമുഖം ഇത് കൂടുതല്‍ നന്നായി വ്യക്തമാക്കും. ഈ വൈകിയ കാലത്തും അദ്ദേഹത്തിനെങ്ങനെയാണ് തന്റെ കമ്യൂണിസത്തെ ന്യായീകരിക്കാനാകുന്നത് എന്നദ്ദേഹത്തോട് ചോദിച്ചു.
ഹോബ്‌സ്‌ബോം: നിങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ഒന്നുകില്‍ നിങ്ങള്‍ക്കൊരു ഭാവിയുണ്ടാകും. അല്ലെങ്കില്‍ നിങ്ങള്‍ക്കൊരു ഭാവിയേ ഉണ്ടാകാന്‍ പോകുന്നില്ല. ഇതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് സ്വീകാര്യമായ ഒരു ഭാവി നിങ്ങള്‍ക്കു മുന്‍പില്‍ വെച്ചത.്
ഇഗ്‌നാടീഫ്: 1934-ല്‍ സോവിയറ്റ് പരീക്ഷണത്തില്‍ ലക്ഷങ്ങള്‍ മരിക്കുകയായിരുന്നു. നിങ്ങളത് അറിഞ്ഞിരുന്നുവെങ്കില്‍, ആ സമയത്ത് നിങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമായിരുന്നോ? നിങ്ങളുടെ പ്രതിജ്ഞാബദ്ധതയ്ക്ക്? ഒരു കമ്യൂണിസ്റ്റായിരുന്നതില്‍?
ഹോബ്‌സ്‌ബോം: ~ഒരു ഉത്തരം എളുപ്പം സാധ്യമല്ലാത്ത ഒരക്കാദമിക് ചോദ്യം പോലെയാണിത്. ഞാനെഴുതിയ ചരിത്രത്തില്‍ ഇതിനെന്തെങ്കിലും കാര്യമുണ്ടോ എന്നെനിക്കറിയില്ല. ഒരു ചരിത്രകാരന്റേതല്ലാത്ത, മുന്‍കാല പ്രാബല്യമുള്ള ഒരുത്തരം നിങ്ങള്‍ക്ക് ഞാന്‍ തരേണ്ടിവരികയാണെങ്കില്‍ അങ്ങനെയുണ്ടാകാനിടയില്ല എന്നാകും ഞാന്‍ പറഞ്ഞേക്കുക.
ഇഗ്‌നാടീഫ്: എന്തുകൊണ്ട്?
ഹോബ്‌സ്: കാരണം, നിങ്ങള്‍ക്ക് ചിന്തിച്ചുനോക്കാവുന്നപോലെ കൂട്ടക്കൊലകളും കൂട്ടദുരിതങ്ങളും തികച്ചും സാര്‍വത്രികമായിരുന്ന ഒരു കാലത്ത് മഹാദുരിതങ്ങളില്‍നിന്ന് ഒരു പുതിയ ലോകം ജനിക്കാനുള്ള സാധ്യത അപ്പോഴും പിന്തുണയര്‍ഹിക്കുന്ന ഒന്നായിരുന്നു. എന്നാലിപ്പോള്‍ ഒരു ചരിത്രകാരനെന്ന നിലയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ റഷ്യന്‍ജനത അനുഷ്ഠിച്ച ത്യാഗങ്ങള്‍ പാര്‍ശ്വഫലങ്ങളേ തന്നുള്ളൂ എന്നു തോന്നുന്നു എന്ന് ഞാന്‍ പറയും. ത്യാഗങ്ങള്‍ വളരെ കൂടുതലായിരുന്നു, ഏതൊരു മാനദണ്ഡംവെച്ചും അത് വളരെയധികമായിരുന്നു. പക്ഷേ, ഞാനിപ്പോള്‍ തിരിഞ്ഞുനോക്കി പറയുന്നത് സോവിയറ്റ് യൂണിയന്‍ ലോകവിപ്ലവത്തിന്റെ തുടക്കമല്ലാത്ത നിലയിലേക്ക് മാറി എന്നാണ്. അങ്ങനെത്തന്നെയാണോ? എനിക്കുറപ്പില്ല.
ഇഗ്‌നാടീഫ്: നാളെ യഥാര്‍ഥമായും സൃഷ്ടിക്കപ്പെടാന്‍ പോകുന്ന സാഹചര്യം പതിനഞ്ച്, ഇരുപത് ദശലക്ഷം മനുഷ്യരുടെ നഷ്ടം ന്യായീകരിക്കപ്പെടാവുന്നത് അതാക്കിയേക്കുമെന്നാണോ പറയുന്നത്.
ഹോബ്‌സ്‌ബോം: അതെ.
(സ്റ്റാലിനും സ്റ്റാലിനിസവും എന്ന പുസ്തകത്തില്‍ നിന്ന്)